പുതിയ സ്റ്റേഡിയത്തിലേക്ക് മാറാമെന്ന ടോട്ടൻഹാം ആരാധകരുടെ കാത്തിരിപ്പ് നീളുന്നു. ടോട്ടൻഹാമിന്റെ പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി പകുതി വരെയുള്ള മത്സരങ്ങൾ വെംബ്ലിയിൽ തന്നെ കളിക്കുമെന്ന് ഉറപ്പായി. സ്റ്റേഡിയത്തിന്റെ പണി തീർത്ത് എന്ന് പുതിയ സ്റ്റേഡിയം തുറക്കുമെന്ന് ടോട്ടൻഹാം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചില റിപ്പോർട്ടുകൾ പ്രകാരം മാർച്ച് പകുതി വരെയുള്ള മത്സരങ്ങളും വെംബ്ലിയിൽ വെച്ച് തന്നെയാണ് നടക്കുക എന്നാണ് അറിയാൻ കഴിയുന്നത്.
ഫെബ്രുവരി 13 വരെയുള്ള ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, പ്രീമിയർ ലീഗ് മത്സരങ്ങളാവും വെംബ്ലിയിൽ തന്നെ നടക്കുക. 62000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ഇപ്പോഴും സെക്യൂരിറ്റി പരിശോധനകൾ പൂർത്തിയാക്കിയിട്ടില്ല. പ്രീമിയർ ലീഗ് മത്സരങ്ങളിൽ ജനുവരി 30ന് നടക്കുന്ന വാട്ഫോർഡിനെതിരായ മത്സരവും ഫെബ്രുവരി 2ന് നടക്കേണ്ട ന്യൂ കാസിലിനെതിരായ മത്സരവും ഫെബ്രുവരി 10ന് നടക്കേണ്ട ലെസ്റ്റർ സിറ്റിക്കെതിരായ മത്സരവും വെംബ്ലിയിൽ തന്നെ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബൊറൂസിയ ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും വെംബ്ലിയിൽ വെച്ച് തന്നെയാവും നടക്കുക.