നിർണായക മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ടോട്ടൻഹാമിന് യൂറോപ്പ കോൺഫറൻസ് ലീഗ് യോഗ്യത. ആവേശകരമായ മത്സരത്തിൽ 2 തവണ മത്സരത്തിൽ മുൻപിൽ എത്തിയതിന് ശേഷം ലീഡ് കൈവിട്ടാണ് ലെസ്റ്റർ സിറ്റി തോൽവിയേറ്റുവാങ്ങിയത്. 4-2നാണ് ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. തോൽവിയോടെ ലെസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലെസ്റ്റർ സിറ്റി അടുത്ത വർഷത്തെ യൂറോപ്പ ലീഗിന് യോഗ്യത നേടിയപ്പോൾ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തുള്ള ടോട്ടൻഹാം യുവേഫ കോൺഫറൻസ് ലീഗിന് യോഗ്യത നേടി.
വാർഡിയുടെ പെനാൽറ്റി ഗോളിൽ ലെസ്റ്റർ സിറ്റിയാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഹാരി കെയ്‌നിലൂടെ ടോട്ടൻഹാം സമനില കണ്ടെത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ മത്സരത്തിലൂടെ രണ്ടാമത്തെ പെനാൽറ്റി ഗോളിലൂടെ വാർഡി ലെസ്റ്ററിനെ വീണ്ടും മുൻപിലെത്തിച്ചു. എന്നാൽ ലെസ്റ്റർ ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കിളിന്റെ സെൽഫ് ഗോളിൽ ടോട്ടൻഹാം സമനില പിടിക്കുകയും. തുടർന്ന് ഇരട്ട ഗോളുകളുമായി ഗാരെത് ബെയ്ൽ തിളങ്ങിയപ്പോൾ ലെസ്റ്ററിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തകരുകയായിരുന്നു.