പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ടോട്ടൻഹാം. ഇന്ന് നടന്ന മത്സരത്തിൽ വോൾവ്‌സിനെയാണ് ടോട്ടൻഹാം ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ടോട്ടൻഹാം പരിശീലകനായ ന്യൂനോ സാന്റോ തന്റെ പഴയ ടീമിനെ നേരിടുന്നു എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ഡെലെ അലി നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.
മത്സരത്തിലുടനീളം നിരവധി സുവർണ്ണാവസരങ്ങൾ വോൾവ്‌സ് സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ട്രയോറെ, ഹിമെനെസ്, മാർക്കൽ എന്നിവർക്കെല്ലാം ഗോൾ നേടാൻ ലഭിച്ച സുവർണ്ണാവസരം നഷ്ട്ടപെടുത്തിയതാണ് വോൾവ്‌സിന് തിരിച്ചടിയായത്. മത്സരം അവസാനിക്കാൻ 18 മിനിറ്റ് ബാക്കി നിൽക്കെ ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്ൻ പകരക്കാരനായി ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങുകയും ചെയ്തു. ഹാരി കെയ്‌നിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നതിനിടെയാണ് താരം ടോട്ടൻഹാമിന് വേണ്ടി സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്.