ഇന്നലെ നടന്ന ആഴ്‌സണൽ, ലിവർപൂൾ മത്സരത്തിൽ കളിയിലെ മികച്ച താരമാവാനുള്ള മത്സരത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്കും ബുകയോ സാകക്കും ഒപ്പം ഒരേപോലെ അർഹതയുള്ള താരം എന്നു തന്നെ വിളിക്കാവുന്ന പ്രകടനം ആണ് ടാകെഹിരോ ടോമിയാസു പുറത്ത് എടുത്തത്. സീസണിൽ തന്റെ ആദ്യ പതിനൊന്നിൽ തനിക്ക് അത്ര പരിചയം ഇല്ലാത്ത ഇടത് ബാക്ക് ആയി ഇറങ്ങിയ ടോമിയാസു അത്രക്ക് മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്.
പരിക്കേറ്റ സിഞ്ചെങ്കോക്ക് പകരം ടിയേർണി ഉണ്ടായിട്ടും ആർട്ടെറ്റ ടോമിയാസു എന്ന വലത് ബാക്കിനെ കൊണ്ട് വന്നത് ആ ഭാഗത്ത് സലാഹ്, അലക്‌സാണ്ടർ അർണോൾഡ് എന്നിവർ വിതക്കുന്ന അപകടം മുന്നിൽ കണ്ടായിരുന്നു. മികച്ച ഉയരവും ഇടത് കാലു കൊണ്ടും മികച്ച പാസുകൾ നൽകാൻ കഴിവുള്ള ടോമിയാസു ആ ജോലി ഭംഗിയാക്കി. സലാഹിനെ ഒന്നു അനങ്ങാൻ പോലും തയ്യാറാവാതെ നിശ്ശബ്ദൻ ആക്കിയ ടോമിയാസു അർണോൾഡിനും ഒരവസരവും നൽകിയില്ല. മത്സരത്തിൽ സലാഹ് കളിച്ചോ എന്നും പോലും അറിയാത്ത വിധം ഗംഭീരം ആയിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ജപ്പാനീസ് താരത്തിൽ നിന്നുള്ള പ്രകടനം.
തുടർന്ന് ലീഗിൽ ലിവർപൂൾ പിന്നിൽ നിൽക്കുമ്പോൾ 584 ദിവസങ്ങൾക്ക് ശേഷം ആദ്യമായി സലാഹിനെ പിൻവലിക്കാനും ക്ലോപ്പ് നിർബന്ധിതനായി. ഏറ്റവും കൂടുതൽ ഏരിയൽ ഡ്യുവൽസ്(4), ഏറ്റവും കൂടുതൽ ഗ്രൗണ്ട് ഡ്യുവൽസ്(7), ഏറ്റവും കൂടുതൽ റിക്കവറികൾ(7), ഏറ്റവും കൂടുതൽ ടാക്കിളുകൾ(2) എല്ലാം ജപ്പാനീസ് സമുറായിയുടെ വക ആയിരുന്നു. പ്രതിരോധത്തിൽ ഏത് റോളിലും തിളങ്ങാനും ഇത്രക്ക് മികച്ച പ്രകടനം നടത്താനും ആവുമെന്ന ടോമിയാസുവിന്റെ മികവ് ആഴ്‌സണലിന് വലിയ ഊർജവും കരുത്തും ആണ് നൽകുക എന്നുറപ്പാണ്.