ചെൽസി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തുമെന്ന് ടോഡ് ബോഹ്ലി. മിൽകൻ ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ കോൺഫറൻസിൽ സംസാരിക്കവെയാണ് ചെൽസിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. ടീം ഏറ്റെടുത്ത ശേഷം ഒരുപാട് കാര്യങ്ങൾ പഠിച്ചെന്ന് ബോഹ്ലി പറഞ്ഞു. “ലോകം മുഴുവൻ ആരാധരുള്ള സ്‌പോർട് ആണ് ഫുട്ബോൾ. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ യൂറോപ്പിൽ തരങ്ങൾക്കുള്ള യൂണിയനുകൾ ഇല്ല (അമേരിക്കൻ സ്പോർട്സ് യൂണിയനുകൾ മുഖേന താരങ്ങൾക്ക് കൈമാറ്റ ഘട്ടത്തിൽ ടീമുകളും ഉടമകളുമായി ചർച്ച നടത്താം). അത് കൊണ്ട് തന്നെ ഓരോ രാജ്യത്തെയും പ്ലെയർ മാർക്കറ്റിനെ കുറിച്ചു തിരിച്ചറിയേണ്ടതുണ്ട്. ഓരോ മാർക്കറ്റും വ്യത്യസ്തമാണ് താനും. പോർച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് മാർക്കറ്റുകളെ എല്ലാം മനസിലാക്കണം”.
“ടീം കെട്ടിപ്പടുത്ത ശേഷം നയിക്കാൻ പ്രാപ്തനായ കോച്ചിനെയും തേടണം. തങ്ങൾ ഇപ്പോൾ ഒരുപാട് കാര്യങ്ങൾ ഫുട്ബോളിന്റെ ഓരോ മാർക്കറ്റുകളെ കുറിച്ചും ഇതിന്റെയെല്ലാം ആഗോള സ്വീകാര്യതയെ കുറിച്ചും പഠിച്ചു”, ബോഹ്ലി തുടർന്നു, “ആരാധകരെ ഞങ്ങൾ മനസിലാക്കുന്നു. അവർക്ക് വിജയങ്ങൾ ആണ് വേണ്ടത്. തങ്ങളും ഇത് തന്നെ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങൾ ചെൽസിയെ ഒരു ദീർഘകാല പദ്ധതി ആയാണ് കാണുന്നത്. ആ തരത്തിലാണ് ആസൂത്രണങ്ങളും നടക്കുന്നത്. എല്ലാം ശരിയായ വഴിയിൽ എത്തും എന്നു തന്നെയാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും മികച്ച ലീഗിൽ ആണ് ചെൽസി കളിക്കുന്നത്. താൻ ഏറ്റവും മികച്ച നഗരമെന്ന് കരുതുന്ന സിറ്റിയിലെ ഏറ്റവും മികച്ച സ്ഥാനവും ടീമിനൊപ്പം ഉണ്ട്.” ബോഹ്ലി അവസാനിപ്പിച്ചു.