പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മൂന്നാം മത്സരവും സമനിലയിൽ പിരിഞ്ഞപ്പോൾ പോയിന്റ് പങ്കുവെച്ച് വോൾവ്സും ആസ്റ്റൻവില്ലയും. വോൾവ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. വോൾവ്സിന് വേണ്ടി ഹ്വാങ് ഗോൾ കണ്ടെത്തിയപ്പോൾ പാവോ ടോറസിലൂടെയാണ് ആസ്റ്റൻവില്ല സമനില ഗോൾ കണ്ടെത്തിയത്. ഇതോടെ വില്ല അഞ്ചാമതും വോൾവ്സ് പതിനാലാമതുമാണ് പോയിന്റ് പട്ടികയിൽ.
ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഇരു ഭാഗത്തു നിന്നും ഉണ്ടായില്ല. വോൾവ്സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. പിന്നീട് വില്ല മത്സരത്തിലേക്ക് തിരിച്ചു വന്നു. ദിയാബിയുടെ ക്രോസിൽ നിന്നും ടോറസിന്റെ ഹെഡർ ലക്ഷ്യം കാണാതെ പോയി. മാക്ഗിന്നിന്റെ മികച്ചൊരു ക്രോസ് കൈക്കലാക്കി ഹോസെ സാ അപകടം ഒഴിവാക്കി. മാക്ഗിന്നിന്റെ മറ്റൊരു ശ്രമം പോസ്റ്റിലിരുമി കടന്ന് പോയി. ഹ്വാങ്ങിന്റെ ക്രോസിൽ നിന്നും ഐറ്റ്-നൊരിയുടെ ശ്രമവും ലക്ഷ്യത്തിൽ നിന്നും അകന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആസ്റ്റൻ വില്ല ലീഡിന് അടുത്തെത്തി. മാക്ഗിന്നിന്റെ ക്രോസിൽ നിന്നും വാട്കിൻസിന്റെ ശ്രമം സാ തട്ടിയകറ്റി. 53ആം മിനിറ്റിൽ വോൾവ്സ് ഗോൾ കണ്ടെത്തി. വലത് വിങ്ങിൽ നിന്നും ബോക്സിലേക്ക് കടന്ന് നെറ്റോ നൽകിയ പാസ് ഹ്വാങ് വലയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ തൊട്ടു പിറകെ വെറും രണ്ടു മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തി കൊണ്ട് ആസ്റ്റൻവില്ല മത്സരത്തിലേക്ക് തിരികെ വന്നു. ഫ്രീകിക്കിൽ നിന്നെത്തിയ ബോൾ വോൾവ്സിന് ക്ലിയർ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ബോക്സിന് തൊട്ടു പുറത്തു നിന്നും വാട്കിൻസ് നൽകിയ ക്രോസിൽ നിന്നും പാവോ ടോറസ് ഗോൾ കണ്ടെത്തുകയായിരുന്നു. നെറ്റോയെ കമറ വീഴ്ത്തിയതിന് വോൾവ്സ് പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി കനിഞ്ഞില്ല. സെമെഡോയുടെ ഷോട്ട് മാർട്ടിനസ് തടുത്തു.കലായ്സിച്ചിന്റെ പാസിൽ നിന്നും നെറ്റോക്ക് സുവർണാവസരം ലഭിച്ചെങ്കിലും അവിടെയും മാർട്ടിനസ് കൃത്യയമായി ഇടപെട്ടു. ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് ലെമിന കളം വിട്ടതോടെ വോൾവ്സ് പത്തു പേരിലേക്ക് ചുരുങ്ങി. അവസാന നിമിഷങ്ങളിൽ വാട്കിൻസിന്റെ ഹേഡർ ശ്രമം പൊസിറ്റിലിടിച്ചു തെറിച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു.