കഴിഞ്ഞ ദിവസം പി.എസ്.ജിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ചെൽസിയിൽ എത്തിയ ബ്രസീലിയൻ പ്രതിരോധ താരം തിയാഗോ സിൽവയെ പി.എസ്.ജിയിൽ നിലനിർത്താൻ അവസാന നിമിഷം ശ്രമം നടന്നിരുന്നതായി താരത്തിന്റെ ഏജന്റ് പൗളോ ടോനെട്ടോ. എന്നാൽ പി.എസ്.ജി താരവുമായി പുതിയ കരാറിനെ പറ്റി സംസാരിക്കാൻ വന്ന സമയത്ത് സിൽവ ചെൽസിയുമായുള്ള കരാർ അംഗീകരിച്ചു കഴിഞ്ഞിരുന്നതായും താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി.
രണ്ട് മാസം മുൻപ് തന്നെ പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ പി.എസ്.ജിയിൽ സിൽവയുടെ കരാർ പുതുക്കില്ലെന്ന് കാര്യം താരത്തെ അറിയിച്ചിരുന്നെന്നും ഏജന്റ് പറഞ്ഞു. തുടർന്നാണ് ചെൽസിയുമായി കരാർ ഉറപ്പിച്ചതിന് ശേഷം ലിയനാർഡോ ഒരു വർഷത്തേക്കുള്ള കരാറുമായി താരത്തെ സമീപിച്ചത്. അതെ സമയം ചെൽസിയുമായുള്ള കരാർ ഉറപ്പിച്ചില്ലെങ്കിലും സിൽവ ലിയനാർഡോയുടെ കരാർ അംഗീകരിക്കില്ലായിരുന്നെന്നും ഏജന്റ് പൗളോ ടോനെട്ടോ പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിന് പിന്നാലെയാണ് തിയാഗോ സിൽവയെ ചെൽസി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയിൽ തിയാഗോ സിൽവയുടെ കരാർ അവസാനിച്ചിരുന്നു.