മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റ വലിയ പരാജയത്തിന്റെ രോഷം പങ്കുവെച്ച് പരിശീലകൻ ടെൻ ഹാഗ്. ഇന്ന് ആൻഫീൽഡിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 7-0 ന് ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇത് ആരാധകരെയും കളിക്കാരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ടീമിന്റെ പ്രകടനത്തിൽ നിരാശയും രോഷവ്യ്ം പ്രകടിപ്പിച്ചു.
“നിങ്ങൾക്ക് ഒരു കളി തോൽക്കാം, പക്ഷേ ഈ രീതിയിൽ അല്ല. ഇത് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ല” ടെൻ ഹാഗ് പറഞ്ഞു, “ഇങ്ങനെ സംഭവിക്കാൻ പാടില്ല, എനിക്ക് ടീമിനോട് ഈ തോൽവിയെ കുറിച്ച് സംസാരിക്കാൻ ഉണ്ട്. ഞാൻ 11 വ്യക്തികൾ എല്ലാം നഷ്ടപ്പെട്ടത് പോലെ ഗ്രൗണ്ടിൽ അലയുന്നത് കണ്ടു. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നില്ല.” കോച്ച് പറഞ്ഞു
രണ്ടാം പകുതിയിൽ ടീം ഇത്ര വേഗത്തിൽ കളി കൈവിട്ടുവെന്നതിൽ മാനേജർ തന്റെ ആശ്ചര്യം പ്രകടിപ്പിച്ചു, മോശം തീരുമാനങ്ങളെടുക്കലും മോശം പന്ത് നിയന്ത്രണവുമാണ് ഇതിന് കാരണമെന്ന് പറഞ്ഞു. “ഇത് ഒരു തിരിച്ചറിവാണ്” അദ്ദേഹം പറഞ്ഞു.
ടീമിന്റെ ട്രാക്കിംഗ് ബാക്ക് അഭാവവും പ്രൊഫഷണലിസം ഇല്ലാഴ്മയും തോൽവിയുടെ കാരണങ്ങളായി ടെൻ ഹാഗ് എടുത്തുപറഞ്ഞു, ഈ തിരിച്ചടി അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവിച്ചു. “ഞങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്. ബ്രെന്റ്‌ഫോർഡിന് ശേഷം, മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷം, അതുപോലെ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയും. ഇത് തീർച്ചയായും ശക്തമായ തിരിച്ചടിയാണ്, അത് അംഗീകരിക്കാനാവില്ല. അതിൽ എനിക്ക് നിരാശയും ദേഷ്യവുമുണ്ട്,” അദ്ദേഹം പറഞ്ഞു.