മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മോശം തുടക്കമാണ് നേരിടുന്നത്. യുണൈറ്റഡ് പരിശീലകൻ എ റിക് ടെൻ ഹാഗിനു മേലുള്ള സമ്മർദ്ദവും വർധിക്കുകയാണ്. അവസാന 5 മത്സരങ്ങളിലും വിജയിക്കാത്ത ടെൻ ഹാഗിനെ പുറത്താക്കുമോ ഇല്ലയോ എന്ന് ഇന്ന് അറിയാൻ ആകും.
ചൊവ്വാഴ്ച ഷെഡ്യൂൾ ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ സഹ ഉടമകളായ ജോയൽ ഗ്ലേസർ, ജിം റാറ്റ്ക്ലിഫ്, ഐഎൻഇഒഎസ് ഡയറക്ടർ സർ ഡേവ് ബ്രെയിൽസ്ഫോർഡ് എന്നിവരും മറ്റ് മുതിർന്ന വ്യക്തികളും ക്ലബിൻ്റെ അവസ്ഥ ചർച്ച ചെയ്യും. എന്നിരുന്നാലും, ഈ മീറ്റിംഗ്, ടീമിൻ്റെ മോശം ഫോമിനുള്ള അടിയന്തര മീറ്റിംഗ് അല്ല, മറിച്ച് അന്താരാഷ്ട്ര ഇടവേള കാരണം മുൻകൂട്ടി നിശ്ചയിച്ച മീറ്റിംഗ് ആണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഫോം ഇപ്പോൾ ദയനീയമാണ്, ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി പട്ടികയിൽ 14-ാം സ്ഥാനത്താണ് അവർ ഉള്ളത്. 1989-90 ന് ശേഷമുള്ള അവരുടെ ഏറ്റവും മോശം ലീഗ് തുടക്കമാണിത്. വർദ്ധിച്ചുവരുന്ന ഊഹാപോഹങ്ങൾക്കിടയിൽ ഇന്നത്തെ യോഗം നിർണായകമാകും.