ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്തിൽ രണ്ടാമത്തെ മത്സരവും ജയിച്ചു സണ്ടർലാന്റ്. ബ്രന്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സണ്ടർലാന്റ് മറികടന്നത്. രണ്ടാം പകുതിയിൽ ഗോളുകൾ പിറന്ന മത്സരത്തിൽ 59 മത്തെ മിനിറ്റിൽ കെവിൻ ഷാഡയുടെ പെനാൽട്ടി സണ്ടർലാന്റ് ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ 77 മത്തെ മിനിറ്റിൽ ഒനിയെകയുടെ പാസിൽ നിന്നു ഗോൾ നേടിയ ഇഗോർ തിയാഗോ ബ്രന്റ്ഫോർഡിന് മുൻതൂക്കം നൽകി. എന്നാൽ 82 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ എൻസോ ലീ ഫീ സണ്ടർലാന്റിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിൽ ഗ്രാനിറ്റ് ശാക്കയുടെ ഉഗ്രൻ ക്രോസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ വിൽസൻ ഇസിഡോർ ആണ് സണ്ടർലാന്റിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.
5 ഗോൾ പിറന്ന ലീഗിലെ മറ്റൊരു മത്സരത്തിൽ വോൾവ്സിനെ അവരുടെ മൈതാനത്ത് 3-2 നു തോൽപ്പിച്ചു എവർട്ടൺ ജയം കുറിച്ചു. തുടർച്ചയായ രണ്ടാം ജയം ആണ് അവർക്ക് ഇത്. ഏഴാം മിനിറ്റിൽ ജാക് ഗ്രീലീഷിന്റെ പാസിൽ നിന്നു ബെറ്റോയുടെ ഗോളിൽ എവർട്ടൺ മുന്നിൽ എത്തിയപ്പോൾ ഹീ ചാനിലൂടെ വോൾവ്സ് തിരിച്ചടിച്ചു. 33 മത്തെ മിനിറ്റിൽ ഹാളിന്റെ പാസിൽ നിന്നു ഇണ്ടിയെ എവർട്ടണിനു വീണ്ടും മുൻതൂക്കം നൽകി. 55 മത്തെ മിനിറ്റിൽ ഗ്രീലീഷിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഹാൾ എവർട്ടണിന്റെ മൂന്നാം ഗോളും നേടി. 79 മത്തെ മിനിറ്റിൽ റോഡ്രിഗോ ഗോമസ് ഒരു ഗോൾ കൂടി മടക്കിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.