ടോട്ടൻഹാം താരങ്ങൾക്കും ഉടമകൾക്കും എതിരെ വരെ രൂക്ഷമായ വിമർശനം നടത്തിയ ശേഷം ജോലിയിൽ നിന്നു പുറത്താക്കപ്പെട്ട പരിശീലകൻ അന്റോണിയോ കോന്റെക്ക് പിന്നാലെ താരങ്ങളെ രൂക്ഷമായി വിമർശിച്ച് താൽക്കാലിക പരിശീലകൻ ക്രിസ്റ്റിയൻ സ്റ്റെല്ലിനി. കോന്റെയുടെ സഹപരിശീലകൻ ആയ സ്റ്റെല്ലിനി കോന്റെ പോയതിനു ശേഷം താൽക്കാലിക പരിശീലകൻ ആയി നിയമിക്കപ്പെടുക ആയിരുന്നു. ഇന്ന് ബോർൺമൗത്തിനു എതിരെ ഇഞ്ച്വറി സമയത്ത് വഴങ്ങിയ തോൽവി ഇറ്റാലിയൻ പരിശീലകനെ നന്നായി ചൊടിപ്പിച്ചു.
പകരക്കാരനായി ഇറങ്ങി തെറ്റുകൾ വരുത്തി ഗോളുകൾക്ക് കാരണക്കാരനായി ആരാധകരുടെ കൂവൽ ഏറ്റുവാങ്ങിയ ഡേവിസൺ സാഞ്ചസിനെ പ്രതിരോധിച്ച അദ്ദേഹം ടീമിനെ മൊത്തത്തിൽ വിമർശിച്ചു. ആദ്യ ഗോൾ നേടിയ ശേഷം ആക്രമണത്തിൽ നിന്നു പിന്മാറിയ താരങ്ങളെ വിമർശിച്ച അദ്ദേഹം താരങ്ങളുടെ കളിയോടുള്ള സമീപനത്തെ ചോദ്യം ചെയ്തു. ഇത് ഒരിക്കൽ അല്ല സംഭവിക്കുന്നത് എന്നു ഓർമ്മിപ്പിച്ച അദ്ദേഹം ഇത് ടാക്ടിക്കൽ പ്രശ്നം അല്ലെന്നും കൂട്ടിച്ചേർത്തു. താരങ്ങൾ വരുത്തുന്ന പിഴയാണ് തോൽവിയുടെ കാരണം എന്ന് ആവർത്തിച്ച അദ്ദേഹം ടീമിലെ എല്ലാവർക്കും അതിൽ പങ്ക് ഉണ്ടെന്നും കൂട്ടിച്ചേർത്തു.