ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിന് അനായാസ ജയം. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ മറികടന്നത്. ജയത്തോടെ 36 പോയിന്റുമായി ലീഗിൽ അവർ മൂന്നാം സ്ഥാനത്ത് തുടരും. ഹ്യുങ് മിൻ സോൺ നടത്തിയ മികച്ച പ്രകടനമാണ് അവർക്ക് മികച്ച ജയം ഒരുക്കിയത്.
ടീമിൽ നിർണായക ഘടകങ്ങളായ ഹാരി കെയ്ൻ, എറിക്സൻ എന്നുവർക്ക് വിശ്രമം അനുവദിച്ചാണ് സ്പർസ് ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ ഗോളിനായി സ്പർസിന് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു എങ്കിലും സോൺ 46 ആം മിനുട്ടിൽ അവരെ മുന്നിലെത്തിച്ചു. താരത്തിന്റെ ഇടം കാലൻ ഷോട്ട് ലെസ്റ്റർ ഗോളിക്ക് തടുക്കാവുന്നതിലും അപ്പുറമായിരുന്നു. 58 ആം മിനുട്ടിൽ അലിയും ഗോൾ നേടിയതോടെ ലെസ്റ്ററിന് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയും അടഞ്ഞു. നിലവിൽ 22 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ലെസ്റ്റർ.