എല്ലാ മത്സരത്തിലും തുടക്കത്തിൽ ഗോൾ വഴങ്ങി തിരിച്ചുവരാമെന്ന കോണ്ടെയുടെ മോഹം ഇന്ന് നടന്നില്ല. അവസാന ആറ് മത്സരങ്ങളിൽ തുടക്കത്തിൽ ഗോൾ വഴങ്ങിയ ശേഷം പൊരുതുകയും ചില കളികളിൽ ക്ലാസിക് തിരിച്ചുവരവ് നടത്തുകയും ചെയ്ത സ്പർസിന് ഇന്ന് കാര്യങ്ങൾ പിഴച്ചു. ഇന്ന് ലണ്ടണിൽ ആസ്റ്റൺ വില്ല സ്പർസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ സ്പർസ് കീപ്പർ ലോരിസിന്റെ പിഴവ് മുതലെടുത്താണ് ആസ്റ്റൺ വില്ല ലീഡ് എടുത്തത്. ഒരു ലോങ് ഷോട്ട് കയ്യിലൊതുക്കാൻ ലോരിസിനായില്ല. പിന്നാലെ പന്ത് കൈക്കലാക്കി വാറ്റ്കിൻസ് നൽകിയ പാസ് സ്വീകരിച്ച് ബുവെന്ദിയ വല കുലുക്കുക ആയിരുന്നു.
ഇതിനു ശേഷം സ്പർസ് സമനിലക്കായി ശ്രമിക്കുന്നതിന് ഇടയിൽ ആസ്റ്റൺ വില്ല രണ്ടാം ഗോളും നേടി. 73ആം മിനുട്ടിൽ ഡഗ്ലസ് ലൂയിസിന്റെ വക ആയിരുന്നു രണ്ടാം ഗോൾ. ഈ ഗോൾ വില്ലയുടെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ആസ്റ്റൺ വില്ല 21 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്. സ്പർസ് 30 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു. ഈ കളി സ്പർസ് തോറ്റതോടെ ഏറെ കാലത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മാച്ച് വീക്ക് ടോപ് 4ൽ അവസാനിപ്പിച്ചു. 32 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്താണ്.