മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ക്ലാസിക് തിരിച്ചുവരവിലൂടെയാണ് വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ ഡാർബിയിലെ പരാജയം മറക്കാൻ സ്പർസിനെ നേരിടാം എത്തിയ സിറ്റിക്ക് അത്ര നല്ല തുടക്കമായിരുന്നില്ല. അവർ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിറകിൽ ആവുന്നത് കാണാൻ ആയി. ആദ്യ പകുതിയുടെ അവസാന രണ്ട് മിനുട്ടുകളിൽ ആയിരുന്നു സ്പർസ് രണ്ട് ഗോളുകൾ അടിച്ച് പെപിന്റെ ടീമിനെ ഞെട്ടിച്ചത്. 44ആം മിനുട്ടിൽ ഒരു ഡിഫൻസീവ് പിഴവ് മുതലെടുത്ത് കുലുസവെസ്കി ആണ് ആദ്യം ഗോൾ കണ്ടെത്തിയത്.
ഈ ഗോളിന് പിന്നാലെ എമേഴ്സണും സിറ്റി പ്രതിരോധം ഭേദിച്ച് ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്പർസ് 2-0ന് മുന്നിൽ. രണ്ടാം പകുതിയിൽ സിറ്റി അവരുടെ കളി മെച്ചപ്പെടുത്തി. 51ആം മിനുട്ടിൽ അർജന്റീന യുവതാരം ഹൂലിയൻ ആൽവാരസിലൂടെ സിറ്റിയുടെ ആദ്യ ഗോൾ വന്നു. പിന്നാലെ ഹാളണ്ടിലൂടെ സമനില ഗോൾ. അപ്പോഴേക്കും സ്പർസ് തീർത്തും പ്രതിരോധത്തിൽ ആയി.
63ആം മിനുട്ടിൽ മെഹ്റസിന്റെ ഒരു വലം കാലൻ ഷോട്ട് ലോരിസിനെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തിയതോടെ സിറ്റ് 3-2ന്റെ ലീഡ് എടുത്തു. 90ആം മിനുട്ടിൽ സ്പർസിന്റെ പരാജയം ഉറപ്പിച്ച നാലാം ഗോളും മെഹ്റസ് നേടി. ഈ വിജയത്തോടെ സിറ്റി 42 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. സ്പർസ് 33 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.