ഇന്ന് എവർട്ടൺ ഒരു കാലത്തും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത രാത്രിയാകും. എവർട്ടൺ ആരാധകർക്ക് ഇത്ര ദുരന്തമാകും ക്രിസ്തുമസ് എന്ന് അവരും കരുതി കാണില്ല. ഇന്ന് സ്പർസിനെ ഗുഡിസൺപാർക്കിലേക്ക് ക്ഷണിക്കുമ്പോൾ ലീഗിലെ ആദ്യ ആറിലേക്ക് എങ്ങനെ കയറിക്കൂടാം എന്നായിരുന്നു എവർട്ടന്റെ ചിന്ത. പക്ഷെ കളി കഴിഞ്ഞപ്പോൾ എവർട്ടന്റെ വലയിൽ ആറു ഗോളുകൾ. പൊചടീനോയുടെ സ്പർസ് നിർത്താതെ ആക്രമണം അഴിച്ചുവിട്ടപ്പോൾ രണ്ടിനെതിരെ ആറു ഗോളുകളുടെ ജയം സ്പർസ് സ്വന്തമാക്കി.
കളിയുടെ 21ആം മിനുട്ടിൽ വാൽക്കോട്ടിലൂടെ എവർട്ടൺ ലീഡ് എടുത്തിരുന്നു. പക്ഷെ അത് മാത്രമെ എവർട്ടൺ ആരാധകർക്ക് ഓർമ്മയുള്ളൂ. ആദ്യം 26ആം മിനുട്ടിൽ എവർട്ടൺ ഗോൾകീപ്പർ വരുത്തിയ ഒരു അബ്ദ്ധം മുതലെടുത്ത് ഹ്യുങ് മിൻ സോൺ ഗോളടി തുടങ്ങി. പിന്നെ ഒന്നിനു പിറകെ ഒന്നായി ഗോൾ വരികയായിരുന്നു. സോണിനും കെയ്നും ഇരട്ട ഗോളുകൾ. ഒപ്പം അലിക്കും എറിക്സണും എണ്ണം പറഞ്ഞ ഒരോ ഗോളുകൾ. എവർട്ടണും ഗുഡിസൺ പാർക്കും തകർന്നടിഞ്ഞു.
ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരമായി ഇത്. മത്സരത്തിൽ ഡെലെ അലിക്ക് പരിക്കേറ്റത് ഒഴിച്ചാൽ ടോട്ടൻഹാമിന് സന്തോഷം മാത്രം. ഇന്നത്തെ ജയത്തോടെ ടോട്ടൻഹാമിന് 18 മത്സരങ്ങളിൽ നിന്ന് 42 പോയന്റായി. എവർട്ടൺ 11ആം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.