ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച് ടോട്ടൻഹാം. രണ്ട് തവണ പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് സ്പർസ് സമനില നേടിയത്. ഇരു ടീമുകളും 2 ഗോളുകൾ വീതം നേടി. ഫിനിഷിങ്ങിൽ പുലർത്തിയ കൃത്യതയാണ് സ്പർസിന് ഒരു പോയിന്റ് സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ എന്ന പോലെ ഇഞ്ചുറി ടൈമിൽ സിറ്റി ജിസൂസിലൂടെ വിജയ ഗോൾ നേടി എന്ന് തോന്നിച്ചെങ്കിലും VAR പക്ഷെ സിറ്റിക്ക് ഗോൾ അനുവദിച്ചില്ല.
പരിക്കേറ്റ ജോണ് സ്റ്റോൻസിന്റെ പകരം ഒറ്റമെന്റിയെ ടീമിൽ ഉൾപ്പെടുത്തിയാണ് പെപ് ടീമിനെ ഇറക്കിയത്. ബെർനാടോ സിൽവയും ഇത്തവണ ആദ്യ ഇലവനിൽ ഇടം നേടി. മികച്ച രീതിയിൽ തുടങ്ങിയ സിറ്റി 20 ആം മിനുട്ടിൽ അർഹിച്ച ലീഡ് നേടി. ഡു ബ്രെയ്‌നയുടെ പാസിൽ ഹെഡറിലൂടെ സ്റ്റെർലിങ് ആണ് ഗോൾ നേടിയത്. പക്ഷെ കളിയുടെ ഗതിക്ക് വിപരീതമായി 3 മിനിട്ടുകൾക്ക് ശേഷം ലമേല സ്പർസിനെ ഒപ്പമെത്തിച്ചു. പക്ഷെ 35 ആം മിനുട്ടിൽ ഡു ബ്രെയ്‌നയുടെ തന്നെ പാസിൽ അഗ്വേറൊ സിറ്റിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു.
ആദ്യ പകുതിയേക്കാൾ മികച്ച രീതിയിലാണ് സിറ്റി രണ്ടാം പകുതി തുടങ്ങിയത്. പക്ഷെ ഇത്തവണയും ഫിനിഷിങ്ങിൽ പുലർത്തിയ കൃത്യത സ്പർസിന് തുണയായി. എറിക് ലമേലയുടെ കോർണറിൽ മികച്ച ഹെഡറിലൂടെ ലൂക്കാസ് മോറ സ്പർസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിൽ ജിസൂസ് പന്ത് വലയിൽ ആകിയെങ്കിലും VAR ൽ പന്ത് ലപോർട്ടിന്റെ കയ്യിൽ തട്ടിയാണ് ജിസൂസിന് ലഭിച്ചത് എന്ന് കണ്ടതോടെ മത്സരം 2-2 ൽ തന്നെ അവസാനിച്ചു.