വെംബ്ലിയിൽ ആഴ്സണലിന് സ്പർസിന്റെ പ്രഹരം

- Advertisement -

ആഴ്സണലിനെതിരായ 7 ആം മത്സരത്തിലും ഹാരി കെയ്ൻ ഗോൾ നേടിയപ്പോൾ നോർത്ത് ലണ്ടൻ ഡെർബിയിൽ സ്പർസിന് ജയം. ആദ്യ പകുതിയിൽ ആഴ്സണലിന് കാര്യമായ ഭീഷണി ഉയർത്താത്ത സ്പർസ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തിയാണ് നിർണായക ജയം സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന പോരാട്ടത്തിൽ ജയിച്ചതോടെ സ്പർസ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായി ഒന്നും ചെയ്യാതെ വന്നതോടെ വിരസമായിരുന്ന ആദ്യ പകുതി. പക്ഷെ രണ്ടാം പകുതിയിൽ ടോട്ടൻഹാം ഉണർന്ന് കളിച്ചതോടെ ആഴ്സണലിന് കാര്യങ്ങൾ കടുത്തതായി. തുടർച്ചയായ സ്പർസ് ആക്രമണങ്ങൾക്ക് 49 ആം മിനുട്ടിൽ ഫലമുണ്ടായി. ബെൻ ഡേവിഡ് നൽകിയ മനോഹരമായ ക്രോസ് ഹെഡറിലൂടെ ഗോളാക്കി ഹാരി കെയ്‌നാണ് സ്പർസിനെ മുന്നിൽ എത്തിച്ചത്. ഏറെ വൈകാതെ കെയ്‌നിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും ഇത്തവണ ഹെഡർ ലക്ഷ്യത്തിൽ എത്തിയില്ല. ആഴ്സണൽ ആവട്ടെ ആക്രമണ നിരയിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വിഷമിച്ചു.

മത്സരം 65 മിനുറ്റ് പിന്നിട്ടതോടെ വെങ്ങർ ലകസറ്റ്, ഇവോബി എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. സ്പർസ് ഇതിനിടയിൽ സൃഷ്ടിച്ച മികച്ച അവസരങ്ങൾ ആഴ്സണൽ ഗോളി പീറ്റർ ചെക്കിന്റെ മികച്ച സേവുകൾകൊണ്ടു മാത്രമാണ് ഗോളാവാതെ പോയത്. 86 ആം മിനുട്ടിൽ വെൽബെക്കിന് കളത്തിൽ ഇറങ്ങിയ ഉടനെ അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement