20230402 203001

സതാംപ്ടണിനെ വീഴ്ത്തി വെസ്റ്റ്ഹാം പതിയെ സേഫ് ആകുന്നു

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നിർണായ വിജയം സ്വന്തമാക്കി വെസ്റ്റ്ഹാം. സ്വന്തം തട്ടകത്തിൽ സതാംപ്ടണെ നേരിട്ട വെസ്റ്റ്ഹാം എതിരില്ലാത്ത ഒരു ഗോൾ വിജയം നേടി. ആഗ്വെർഡ് ആണ് മത്സരം നിർണയിച്ച ഗോൾ കണ്ടെത്തിയത്. ഇതോടെ വെസ്റ്റ്ഹാം പതിനാലാം സ്ഥാനത്തേക്ക് കയറി. സതാംപ്ടണ് അവസാന സ്ഥാനത്ത് തുടർന്നപ്പോൾ എവർടൺ വീണ്ടും റിലെഗെഷൻ സോണിലേക്ക് വീണു.

ഇരു ടീമുകൾക്കും കൃത്യമായ മുൻതൂക്കം ഇല്ലാതെയാണ് മത്സരം ആരംഭിച്ചത്. അവസരങ്ങൾ ഒരുക്കുന്നതിൽ ഇരു ടീമുകളും മടിച്ചു നിന്നു. മൈതാനമധ്യത്തിൽ കളി കുടുങ്ങി കിടക്കുന്നതിനിടയിൽ വെസ്റ്റ്ഹാം നിർണായ ഗോൾ നേടി. 25 ആം മിനിറ്റിൽ കെഹേറുടെ ഫ്രീകിക്കിൽ നിന്നും മികച്ചൊരു ഹെഡർ ഉതിർത് അഗ്വേർഡ് ആണ് സമനില പൂട്ട് പൊട്ടിച്ചത്‌. തുടർന്ന് ഓഫ്സൈഡ് മണമുള്ളതിനാൽ നീണ്ട “വാർ” ചെക്കിനും ശേഷമാണ് ഗോൾ അനുവദിച്ചത്. പിന്നീട് പെറൗഡിന്റെ ഷോട്ട് ഫാബിയൻസ്കി തടുത്തു. പതിയെ വെസ്റ്റ്ഹാം കളിയിൽ മേധാവിത്വം നേടിയെടുത്തു. ഇഞ്ചുറി ടൈമിൽ ബോവന്റെ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ചു മടങ്ങി.

രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. സതാംപ്ടണിന്റെ മികച്ച നീക്കങ്ങളിൽ ഒന്നിൽ സുലേമാനയുടെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. തുടർന്ന് കുറച്ചു നല്ല മുന്നേറ്റങ്ങൾ നടത്താൻ സതാംപ്ടണിനായി. അൽക്കാരസിന്റെ ഷോട്ട് കീപ്പറുടെ കൈകളിൽ അവസാനിച്ചു. ബെർറാമയുടെ മികച്ചൊരു ഫ്രീകിക്ക് ബസുനു തട്ടിയകറ്റി.

Exit mobile version