വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള ടോട്ടനത്തിന്റെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങട്ടു കൊണ്ട് സതാംപ്ടനുമായി സമനില. ആറു ഗോളുകൾ വീണ മത്സരത്തിൽ പെഡ്രോ പൊറോയും ഹാരി കെയ്നും പെരിസിച്ചും ടോട്ടനത്തിനായി ഗോൾ കണ്ടെത്തിയപ്പോൾ ആദംസ്, വാൽകോട്ട്, വാർഡ് – പ്രോസ് എന്നിവർ സതാംപ്ടന് വേണ്ടി വല കുലുക്കി. ടോട്ടനം മൂന്നാം സ്ഥാനത്തും സതാംപ്ടൻ അവസാന സ്ഥാനത്തും തുടരുകയാണ്.
ആദ്യ പകുതിയിൽ തന്നെ സതാംപ്ടൻ സെന്റർ ബാക്കുകൾ രണ്ടു പേരും തിരിച്ച് കയറി. എട്ടാം മിനിറ്റിൽ ബെല്ലാ കൊച്ചാപ്പും മുപ്പതിമൂന്നാം മിനിറ്റിൽ ബെഡ്നാരെക്കും പരിക്കേറ്റ് ബെഞ്ചിൽ തിരിച്ചെത്തി. പിറകെ ടോട്ടനത്തിനായി ഡേവിസിന് പകരം പേരിസിച്ചും വന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സോണിന്റെ ക്രോസ് പിടിച്ചെടുത്തു പൊറോ തൊടുത്ത ശക്തിയേറിയ ഷോട്ട് പോസ്റ്റിൽ പതിച്ചു. ടീമിനായി താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആദംസ് സതാംപ്ടണ് സമനില ഗോൾ സമ്മാനിച്ചു. 65ആം മിനിറ്റിൽ കുലുസേവ്സ്കിയുടെ അസിസ്റ്റിൽ കെയ്ൻ വീണ്ടും ടോട്ടനത്തിനെ മുന്നിൽ എത്തിച്ചു. 74ആം മിനിറ്റിൽ മികച്ചൊരു വോളിയിലൂടെ പെരിസിച്ച് ലീഡ് ഉയർത്തി. എന്നാൽ വെറും മൂന്ന് മിനിറ്റിന് ശേഷം വാൽകോട്ട് സതാംപ്ടണിനായി രണ്ടാം ഗോൾ നേടിക്കൊണ്ട് പ്രതീക്ഷ നിലനിർത്തി. ഇഞ്ചുറി ടൈമിൽ സാരിന്റെ ഫൗളിൽ മയെറ്റ്ലാണ്ട് നെയിൽസ് വീണതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത വാർഡ് പ്രോസിന് പിഴച്ചില്ല. ഇതോടെ ടോട്ടനം വിജയം കൈവിട്ടു.