പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്റെ മോശം ഫോം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന സൗത്താംപ്ടൺ ആണ് മികച്ച തിരിച്ചുവരവിലൂടെ ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ഇന്നത്തെ തോൽവിയോടെ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്ന് പോലും ജയിക്കാൻ പോച്ചെറ്റിനോയുടെ ടീമിനായിട്ടില്ല. ജയത്തോടെ റെലെഗേഷൻ ഭീഷണിയിൽ നിന്ന് കരകയറാനും സൗത്താംപ്ടണായി.
സൗത്താംപ്ടണെതിരെ മികച്ച തുടക്കമാണ് ടോട്ടൻഹാമിന് ലഭിച്ചത്. എന്നാൽ ആദ്യ പകുതിയിലെ ആധിപത്യം ഒരു ഗോളിലൂടെ മാത്രമാണ് അവർക്ക് കാണിക്കാനായത്. അലിയുടെ പാസിൽ നിന്നാണ് ആദ്യ പകുതിയിൽ കെയ്‌നിലൂടെ ടോട്ടൻഹാം മുൻപിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി സൗത്താംപ്ടൺ മത്സരം മാറ്റി മറിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ആദ്യം ഡാനി റോസിന്റെ പിഴവിൽ നിന്ന് വലേറിയാണ് സൗത്താംപ്ടണ് സമനില നേടിക്കൊടുത്തത്. തുടർന്ന് അധികം താമസിയാതെ വാർഡ് പ്രൗസിന്റെ ലോകോത്തര ഫ്രീ കിക്കിൽ സൗത്താംപ്ടൺ തങ്ങളുടെ തിരിച്ചുവരവ് പൂർത്തിയാക്കുകയായിരുന്നു. ജയത്തോടെ 30 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി സൗത്താംപ്ടൺ 16ആം സ്ഥാനത്തെത്തി. അതെ സമയം 30 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുള്ള ടോട്ടൻഹാമിനെ മറികടക്കാൻ ചെൽസിക്ക് ബാക്കിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ മതി. ഇന്നത്തെ തോൽവി അവരുടെ ടോപ് ഫോർ സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ്.