തുടർ തോൽവികൾക്ക് ശേഷം സീസണിലെ ആദ്യ പോയിന്റ് കരസ്ഥമാക്കി ഷെഫീൽഡും എവർടണും

Nihal Basheer

പ്രീമിയർ ലീഗിൽ ഹാട്രിക്ക് തോൽവിക്ക് ശേഷം സീസണിലെ ആദ്യ പോയിന്റ് കരസ്ഥമാക്കി ഷെഫീൽഡ് യുനൈറ്റഡും എവർടണും. ഇന്ന് ഷെഫീൽഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചു പിരിയുകയായിരുന്നു. ഡോകൊറെയും ഡാഞ്ചുമയും എവർടണ് വേണ്ടി വല കുലുക്കിയപ്പോൾ കാമറോൺ ആർച്ചർ ഷെഫീൽഡിന്റെ ഗോൾ കണ്ടെത്തി. മറ്റൊരു ഗോൾ പിക്ഫോർഡിന്റെ പേരിൽ സെൽഫ് ഗോൾ ആയി കുറിച്ചു. പോയിൻറ് പട്ടികയിൽ ലൂട്ടൺ ടൗൺ മാത്രമാണ് ഇരു ടീമുകൾക്കും താഴെ ഉള്ളത്.
20230902 200345
ഷെഫീൽഡ് മികച്ച രീതിയിൽ തന്നെ സ്വന്തം തട്ടകത്തിൽ മത്സരം ആരംഭിച്ചെങ്കിലും ആദ്യം ഗോൾ വഴങ്ങാൻ ആയിരുന്നു വിധി. പതിനാലാം മിനിറ്റിൽ ഡോകൊറെയിലൂടെ എവർടൺ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ പന്ത് താരത്തിന്റെ കാലുകളിൽ എത്തിയപ്പോൾ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു വല കുലുക്കുകയായിരുന്നു. ഇരു ടീമുകളും പ്രതിരോധത്തിൽ പിഴവുകൾ ആവർത്തിച്ചതോടെ നിരവധി അവസരങ്ങൾ പിറന്നു. ഹാമർ തൊടുത്ത ഷോട്ട് പിക്ഫോഡ് സേവ് ചെയ്തു. 32ആം മിനിറ്റിൽ ഷെഫീൽഡ് സമനില ഗോൾ കണ്ടെത്തി. മക്ബേർണിയുടെ പാസിൽ നിന്നും തകർപ്പൻ ഫിനിഷിങ്ങുമായി ആർച്ചർ ആണ് സമനില ഗോൾ കണ്ടെത്തിയത്. ഇഞ്ചുറി ടൈമിൽ ഷെഫീൽഡ് ലീഡും കരസ്ഥമാക്കി. ആർച്ചറിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ച ശേഷം പിക്ഫോർഡിൽ തട്ടി വലയിലേക്ക് തന്നെ കയറി.

രണ്ടാം പകുതിയിൽ ഡാഞ്ചുമയെ വീഴ്ത്തിയതിന് എവർടൺ പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി ഫ്രീകിക്ക് അനുവദിച്ചു. പിന്നീട് ബെറ്റോയുടെ ഷോട്ട് അകന്ന് പോയി. 54ആം മിനിറ്റിൽ എവർടണ് ആശ്വാസമായി സമനില ഗോൾ എത്തി. ഗാർനറും ബെറ്റോയും നടത്തിയ നീക്കത്തിനോടുവിൽ പാറ്റെർസൻ തൊടുത്ത ക്രോസിൽ നിന്നും ഡാഞ്ചുമ അനായാസം ലക്ഷ്യം കാണുകയായിരുന്നു. ലരോസിക്ക് ലഭിച്ച മികച്ചൊരു അവസരത്തിൽ ലക്ഷ്യം കാണാൻ ആയില്ല. ഇഞ്ചുറി ടൈമിൽ പിക്ഫോഡിന്റെ കരങ്ങൾ എവർടന്റെ രക്ഷക്കെത്തി. മാക്ബെർണിയുടെ ഹെഡർ തട്ടിയകട്ടിയ താരം, പിറകെ വന്ന ബോളും കൈക്കലാക്കി ടീമിനെ അവസാന നിമിഷം ലീഡ് വഴങ്ങുന്നതിൽ നിന്നും രക്ഷിച്ചു.