മുൻ ചെൽസി പരിശീലകൻ ഹോസെ മൗറിഞ്ഞോയുടെ ഫുട്ബോളിനേക്കാൾ തനിക്ക് ചേരുക ഇപ്പോഴത്തെ പരിശീലകൻ മൗറിസിയോ സാരിയുടെ ഫുട്ബോൾ ആണെന്ന് ചെൽസി താരം ഏദൻ ഹസാർഡ്. എന്നാൽ അതെ സമയം മൗറിഞ്ഞോ ഒരു സ്പെഷ്യൽ പരിശീലകനാണെന്നും ഹസാർഡ് പറഞ്ഞു.
തന്നെ പരിശീലിപ്പിച്ച എല്ലാ പരിശീലകരും തന്റെ വളർച്ചക്ക് കാരണമായിട്ടുണ്ടെന്നും ലില്ലെയിൽ തന്റെ ആദ്യ കാല പരിശീലകനായിരുന്ന ക്ളൗഡ് പോൾ മുതൽ സാരി വരെ ഒരുപാടു കാര്യങ്ങൾ തനിക്ക് മനസ്സിലാക്കി തന്നിട്ടുണ്ടെന്നും ഹസാർഡ് പറഞ്ഞു. ചെൽസിയിൽ സാരിയുടെയും ലില്ലെയിൽ റൂഡി ഗാർസിയയുടെയും ഫുട്ബോളാണ് തനിക്ക് കൂടുതൽ ചേരുന്നതെന്നും ഹസാർഡ് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആറ് ഗോളിന് തോറ്റ ചെൽസി ടോപ് ഫോറിൽ നിന്ന് പുറത്തായിരുന്നു. മൗറിഞ്ഞോയുടെ കൂടെ ഹസാർഡ് ചെൽസിയിൽ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്.