മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗും ജേഡൻ സാഞ്ചോയുമായുള്ള സമീപകാലത്തെ പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിക്കുന്നു. വരാനിരിക്കുന്ന സീസണിൽ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കും എന്ന് ടെൻ ഹാഗ് ഇന്ന് സൂചന നൽകി. കഴിഞ്ഞ സീസണിൽ സാഞ്ചോയെ പൂർണ്ണമായി സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയും തുടർന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിന് താരത്തെ വായ്പയിൽ നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ഇവർ തമ്മിൽ ഒത്തുതീർപ്പിൽ എത്തി. “ഞങ്ങൾ പ്രശ്നങ്ങൾ തീർത്തു, ഞങ്ങൾ മുന്നോട്ട് പോകുന്നു,” ടെൻ ഹാഗ് ഇന്ന് പറഞ്ഞു.
“മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല കളിക്കാരെ ആവശ്യമുണ്ട്, സാഞ്ചോ അങ്ങനെയുള്ള ഒരു മികച്ച കളിക്കാരനാണ്” മാനേജർ പറഞ്ഞു.
സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത് സാഞ്ചോയുടെ ഭാവിയെക്കുറിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പദ്ധതികളിലെ മാറ്റമാണ്. തുടക്കത്തിൽ താരത്തെ വിൽക്കാൻ തയ്യാറായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തെ നിലനിർത്താനുള്ള ആലോചനയിലാണ്.