വില്യം സലിബ 2027 വരെ ആഴ്‌സണലിൽ! കരാർ ധാരണയിൽ എത്തി

Wasim Akram

22 കാരനായ ഫ്രഞ്ച് യുവ പ്രതിരോധ താരം വില്യം സലിബയും ആയി ആഴ്‌സണൽ പുതിയ കരാർ ധാരണയിൽ എത്തിയെന്ന് ഇംഗ്ലീഷ് മാധ്യമം ദ അത്ലറ്റിക് റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തെ കരാർ അവശേഷിക്കുന്ന താരം പുതുതായി നാലു വർഷത്തേക്ക് പുതിയ കരാറിൽ ക്ലബും ആയി ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്. നിലവിൽ കരാർ ഒപ്പിടുന്ന കാര്യം മാത്രമാണ് അവശേഷിക്കുന്നത് എന്നും അത്ലറ്റിക് റിപ്പോർട്ട് ചെയ്തു.

വില്യം സലിബ

ഇതോടെ 2027 വരെ താരം ആഴ്‌സണലിൽ തുടരും. കഴിഞ്ഞ സീസണിൽ ക്ലബിന്റെ പ്രധാന താരമായിരുന്ന സലിബ പരിക്ക് കാരണം അവസാന മത്സരങ്ങളിൽ കളിക്കാത്തത് ആഴ്‌സണലിന് വലിയ തിരിച്ചടി ആയിരുന്നു. പ്രീമിയർ ലീഗിൽ നിന്നും പുറത്ത് നിന്നുള്ള വമ്പൻ യൂറോപ്യൻ ക്ലബുകൾ താരത്തിന് പിറകെ ഉണ്ടായിരുന്നു എങ്കിലും താരത്തെ ആഴ്‌സണലിൽ നിലനിർത്താൻ ആയത് ക്ലബിന് വലിയ നേട്ടം ആണ്. നേരത്തെ മുന്നേറ്റനിര താരങ്ങൾ ആയ മാർട്ടിനെല്ലി, സാക എന്നിവരും പുതിയ കരാറിൽ ഒപ്പിട്ടിരുന്നു.