ലിവർപൂളിൽ താൻ ഒരു വൺ സീസൺ വണ്ടർ അല്ല എന്ന് തെളിയിക്കുകയാണ് ഈജിപ്ത് മജീഷ്യനായ മൊഹമ്മദ് സലാ. ഇന്നലെ ഹഡേഴ്സ്ഫീൽഡിനെതിരായ ഗോളുകളോടെ പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇരുപത് ഗോളുകൾ നേടുന്ന ആദ്യ താരമായി സലാ മാറി. ഇത് തുടർച്ചയായ രണ്ടാം സീസണിലാണ് സലാ ഇരുപതോ അതിലധികമോ പ്രീമിയർ ലീഗ് ഗോളുകൾ നേടുന്നത്. ലിവർപൂളിൽ ഈ നേട്ടം സലായെ വലിയ രണ്ട് താരങ്ങൾക്ക് ഒപ്പം എത്തിച്ചിരിക്കുകയാണ്.
ലിവർപൂളിൽ രണ്ട് താരങ്ങൾ മാത്രമേ തുടർച്ചയായി രണ്ട് ലീഗുകളിൽ 20 ഗോളുകൾ സ്കോർ ചെയ്തിട്ടുള്ളൂ. റോബി ഫ്ലവറും ലൂയിസ് സുവാരസുമായിരുന്നു മുമ്പ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്. റോബി ഫ്ലവർ 1994/95 -1995-96 സീസണുകളിലാണ് 20 ഗോൾ എന്ന നേട്ടത്തിൽ തുടർച്ചയായി തൊട്ടത്. ബാഴ്സലോണയിൽ പോകുന്നതിന് മുമ്പുള്ള സീസണുകളിൽ ആയിരുന്നു സുവാരസിന്റെ നേട്ടം. 2012/13, 2013/14 സീസണുകളിൽ സുവാരസ് ഇരുപതോ അതിലധികമോ ഗോളുകൾ തുടർച്ചയായി നേടിയത്.
സലാ ഈ നേട്ടത്തിൽ കൂടെ എത്തിയതോടെ ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലേക്ക് കയറുകയാണ്. ഇന്നലത്തെ രണ്ട് ഗോളുകളോടെ സലായ്ക്ക് ലീഗിൽ 21 ഗോളുകളായി. സലായാണ് ലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്കോറർ. ഇതിനൊപ്പം ആദ്യ നൂറു മത്സരങ്ങളിൽ നിന്ന് ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും സലാ മാറി. ഇത്തവണ പ്രീമിയർ ലീഗ് കിരീടം കൂടെ ലഭിച്ചാൽ സലാ ലിവർപൂളിന് വിലമതിക്കാനാകാത്ത താരമായി മാറും.