ഫാന്റസി ഫുട്‌ബോൾ രാജാവ് സലാ തന്നെ

- Advertisement -

പ്രീമിയർ ലീഗ് തുടങ്ങാൻ ഇനിയും ഒരു മാസത്തിലേറെ സമയം ഉണ്ടെങ്കിലും ഫാന്റസി പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടക്കമായിരിക്കുകയാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകർ കളിക്കുന്നുണ്ട് ഫാന്റസി പ്രീമിയർ ലീഗ്. ലീഗിന്റെ തുടക്കമായി കളിക്കാരുടെ പുതിയ പരിഷ്‌കരിച്ച ലിസ്റ്റ് പുറത്ത് വന്നു. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ലിവർപൂളിന്റെ മൊഹമ്മദ് സലാ തന്നെ ഫാന്റസി പ്രീമിയർ ലീഗിലെ വില കൂടിയ താരം. കഴിഞ്ഞതിനു മുമ്പത്തെ സീസൺ സ്വപ്നസമാനമായ പ്രകടനം നടത്തിയ സലായുടെ വിലയിൽ പക്ഷെ ഇത്തവണ ചെറിയ ഇടിവുണ്ട് എന്നത് ഫാന്റസി മാനേജർമാർക്ക് സന്തോഷവാർത്തയാണ്. കഴിഞ്ഞ തവണ 13 മില്യൺ തുടക്കത്തിൽ ഉണ്ടായിരുന്ന സലാക്ക് ഇത്തവണ 12.5 മില്യനാണ് വില.

കഴിഞ്ഞ സീസണിൽ കരിയറിലെ മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റെർലിങിന് 12 മില്യനും, സലായുടെ ലിവർപൂൾ സഹതാരം സാദിയോ മാനെക്കു 11.5 മില്യനുമായി വില ഉയർന്നിട്ടുണ്ട്. മുന്നേറ്റനിരക്കാരിൽ 12 മില്യൻ വിലയുള്ള അഗ്യൂറോ തന്നെയാണ് ഒന്നാമത്. ടോട്ടനത്തിന്റെ കെയിൻ ആഴ്സണലിന്റെ ഒബമയാങ് എന്നിവർ 11 മില്യനുമായി അഗ്യൂറോക്ക് പിന്നിലുണ്ട്. മുൻ വർഷങ്ങളിൽ ഫാന്റസി മാനേജർമാരുടെ ഇഷ്ടതാരമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസിന്റെ വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത് വെറും 7 മില്യനാണ് ചിലി താരത്തിന് ഫാന്റസിയിൽ ഉള്ളത്.

കഴിഞ്ഞ സീസണിൽ ഫാന്റസിയിൽ റെക്കോർഡ് പ്രകടനം നടത്തിയ ലിവർപൂൾ താരം ആന്റി റോബർട്ടസ്സൻ ആണ് പ്രതിരോധകാരിൽ വിലകൂടിയ താരം. 7 മില്യനാണ് റോബർട്ടസ്സന്റെ വില. ഇതേ വില തന്നെയാണ് ലിവർപൂൾ യുവതാരം അലക്‌സാണ്ടർ അർണോൾഡിനും എന്നതാണ് ഫാന്റസി മാനേജർമാർക്ക് തല വേദനയാവുക. കഴിഞ്ഞ സീസൺ 5 മില്യൻ ആയിരുന്നു അർണോൾഡിന്റെ വില. 6.5 മില്യൻ വീതം വിലയുള്ള ലിവർപൂളിന്റെ തന്നെ വിർജിൽ വാൻ ഡെയ്ക്, ചെൽസിയുടെ അലോൻസോ, മാഞ്ചസ്റ്റർ സിറ്റിയുടെ ലപ്പോർട്ട് എന്നിവരാണ് മറ്റു വില കൂടിയ പ്രതിരോധക്കാർ. ഗോൾ കീപ്പർമാരിൽ 6 മില്യൻ വീതം വിലയുള്ള ബ്രസീൽ താരങ്ങളായ ലിവർപൂളിന്റെ ആലിസൻ ബെക്കർ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൻ എന്നിവരാണ് വിലകൂടിയ താരങ്ങൾ. പ്രീമിയർ ലീഗ് തുടങ്ങുന്നതും കാത്തിരിക്കുകയാണ് ഫുട്‌ബോൾ ആരാധകരും ലോകമെമ്പാടുമുള്ള ഫാന്റസി പ്രീമിയർ ലീഗ് മാനേജർമാരും.

Advertisement