ചെൽസി പരിശീലകൻ മൗറിസിയോ സാരിക്ക് തന്നിലെ മികച്ച ഫോം പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന് ചെൽസിയുടെ പുതിയ സൈനിങ് ഗോൺസാലോ ഹിഗ്വയിൻ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് ഹിഗ്വയിനിന്റെ പ്രതികരണം. എ.സി മിലാനിൽ നിന്ന് ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് ഹിഗ്വയിൻ 6 മാസത്തെ ലോൺ അടിസ്ഥാനത്തിൽ ചെൽസിയിൽ എത്തുന്നത്.
2015/16 സീസണിൽ സാരിയുടെ കീഴിലാണ് ഹിഗ്വയിൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോം പുറത്തെടുത്തത്. അന്ന് നാപോളിക്ക് വേണ്ടി 38 ഗോളുകൾ ആ സീസണിൽ ഹിഗ്വയിൻ നേടിയിരുന്നു. സാരിയെ തനിക്കും തനിക്ക് സാരിയെയും വളരെ നന്നായി അറിയാമെന്നും ഹിഗ്വയിൻ പറഞ്ഞു. സാരി തന്നെ എപ്പോഴും സഹായിക്കുകയും തന്റെ കളിയിൽ ഇപ്പോഴും പുരോഗതി കൊണ്ടുവരുന്ന പരിശീലകനാണെന്നും ഹിഗ്വയിൻ പറഞ്ഞു.
ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഹിഗ്വയിൻ രണ്ടു ഗോളുകൾ നേടിയിരുന്നു. ഹിഗ്വയിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ചെൽസി ഹഡേഴ്സ്ഫീൽഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.