പ്രീ-സീസണിലേറ്റ പരിക്കിൽ നിന്ന് കരകയറിയ 19 കാരനായ ഡിഫൻഡർ ലെനി യോറോ ബുധനാഴ്ച ആഴ്സണലിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. യോറോ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി. മെറ്റാറ്റാർസൽ തകർന്നതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 52 മില്യൺ പൗണ്ട് സൈനിംഗ് ഇതുവരെ ക്ലബിനായി അരങ്ങേറ്റം നടത്തിയിരുന്നില്ല.
മൂന്നാഴ്ചത്തെ പരിശീലനത്തിന് ശേഷം, യോറോയുടെ ശാരീരികക്ഷമതയെക്കുറിച്ച് അമോറിം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ടീമിൽ ഉൾപ്പെടുത്താൻ സമയമായെന്ന് പറയുകയും ചെയ്തു. പരിശീലന സമയം പരിമിതമായതിനാൽ യോറൊയ്യുടെ മിനിറ്റുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മാനേജർ മുന്നറിയിപ്പ് നൽകി.
യോറോയുടെ “പ്രത്യേക പ്രതിഭ” ആണ് എന്ന് അമോറിം വിശേഷിപ്പിച്ചു. ഫ്രഞ്ച് സെൻ്റർ ബാക്കിൻ്റെ വേഗതയും ആധുനിക പ്രതിരോധ ഗുണങ്ങളും ടീമിന് കരുത്താകുമെന്നു പറഞ്ഞു.
ലിസാൻഡ്രോ മാർട്ടിനെസ് എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ, യോറോ കളിക്കാനുള്ള സാധ്യതയുണ്ട്, എന്നിരുന്നാലും ലൂക്ക് ഷാ ആകും ആദ്യ ഇലവനിൽ ഇറങ്ങുക.