റൊണാൾഡോയും വന്നു സൂപ്പർ താരങ്ങളും വന്നു, പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകോട്ട് മാത്രം, സൂപ്പർ താരങ്ങളിൽ തട്ടി ഉള്ള താളവും നഷ്ടപ്പെട്ട് ഒലെയുടെ സംഘം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ താരങ്ങളുടെ ഒരു വലിയ നിര ആയതോടെ യുണൈറ്റഡിന്റെ ടീമെന്ന നിലയിൽ ഉള്ള താളം തെറ്റുന്നോ എന്ന ആശങ്ക പതിയെ ആണെങ്കിലും ഉയരുകയാണ്. വരാനെ, റൊണാൾഡോ, സാഞ്ചോ എന്നിവർ എത്തിയത് കടലാസ്സിൽ യുണൈറ്റഡിനെ കരുത്തരാക്കി എങ്കിലും ടീമെന്ന നിലയിൽ അവരെ ഏറെ പിറകിലാക്കുകയാണ്. വലിയ സൈനിംഗ് ആയ വരാനെ ഭേദപ്പെട്ട പ്രകടനം ആണ് നടത്തുന്നത് എങ്കിലും അത് കൊണ്ട് ഒന്നും യുണൈറ്റഡ് ഡിഫൻസ് ഒരു ചുവട് പോലും മെച്ചപ്പെട്ടില്ല എന്നതാണ് സത്യം.

പ്രതീക്ഷയോടെ എത്തിയ സാഞ്ചോ ആവട്ടെ ഇതുവരെ ഒരു നല്ല സംഭാവന വരെ ടീമിന് നൽകിയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരു സ്ക്വാഡ് എന്ന നിലയിൽ വലുതാക്കുകയും കരുത്തരാക്കുകയും ഒപ്പം ടീമിന് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. ഒപ്പം റൊണാൾഡോ തന്റെ തിരിച്ചുവരവ് ഗോളുകൾ അടിച്ചു കൊണ്ട് ആഘോഷിക്കുന്നുമുണ്ട്. എങ്കിലും റൊണാൾഡോയുടെ സാന്നിദ്ധ്യവും ടീമിന് പ്രശ്നമാകുന്നുണ്ട്. ഒലെയ്ക്ക് കീഴിൽ അവസാന സീസണിൽ ഉണ്ടായിരുന്ന യുണൈറ്റഡിന്റെ വേഗതയും താളവും റൊണാൾഡോ കുറച്ചോ എന്ന ആശങ്കകളും ഉയരുന്നു. റൊണാൾഡോ ഒരു താരമെന്ന നിലയിൽ അദ്ദേഹത്തിന്റെ മികവ് ആവർത്തിക്കുന്നുണ്ട് എങ്കിലും ഒരു ടീം എന്ന നിലയിൽ യുണൈറ്റഡ് ഈ സീസണിൽ പിറകിലേക്കാണ് പോകുന്നത്.

റൊണാൾഡോയുടെ സാന്നിദ്ധ്യം പ്രശ്നത്തിൽ ആക്കുന്നത് ഒലെയെ ആണ് എന്ന് പറയാം. അവസാന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച പോസിറ്റീവ് ആയ ഒത്തൊരുമ ഒന്നും ഇത്തവണ കാണാൻ ആകുന്നില്ല. സൂപ്പർ താരങ്ങളുടെ നിര ആയതോടെ മാൻ മാനേജ്മെന്റിനും ഒലെ കഷ്ടപ്പെടുകയാണ്. സാഞ്ചൊ, കവാനി, ലിംഗാർഡ്, മാർഷ്യൽ എന്നിവർക്ക് ഒന്നും സ്ഥിരമായി അവസരം നൽകാൻ ഒലെയ്ക്ക് ആകുന്നില്ല. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ കവാനിയെയും റൊണാൾഡോയെയും എങ്ങനെ ഒരുമിച്ച് ഇറക്കും എന്ന ആശങ്കയും ഒലെയ്ക്ക് ഉണ്ട്.

റാഷ്ഫോർഡ് കൂടെ പരിക്ക് മാറി എത്തിയത് ഈ ആശങ്ക കൂട്ടും. റൊണാൾഡോ ബോക്സിന് അകത്ത് മാത്രം നിൽക്കുന്നത് യുണൈറ്റഡിന്റെ പ്രസിംഗിനെയും ബാധിക്കുന്നുണ്ട് എന്നത് വ്യക്തം. കവാനി അല്ലാതെ യുണൈറ്റഡ് അറ്റാക്കിലെ ഒരു താരവും ബോൾ തിരികെ വാങ്ങാൻ വേണ്ടി പരിശ്രമിക്കുന്നില്ല എന്ന പരാതി നേരത്തെ തന്നെ ഉണ്ട്. റൊണാൾഡോ വന്നത് ഒലെയുടെ മേലുള്ള സമ്മർദ്ദവും വർധിക്കാൻ ഇടയായി. റൊണാൾഡോയുടെ സാന്നൊദ്ധ്യം ബ്രൂണോ അടക്കമുള്ള സഹതാരങ്ങളുടെ സമ്മർദ്ദം കുറക്കും എന്നാണ് കരുതിയത് എങ്കിലും അതും പ്രാവർത്തികമാകുന്നില്ല. റൊണാൾഡോ പെനാൾട്ടി എടുക്കാൻ ഉണ്ടല്ലോ എന്ന സമ്മർദ്ദം പെനാൾട്ടി സ്പെഷ്യലിസ്റ്റ് ആയ ബ്രൂണോയെ ബാധിക്കുന്നത് ആസ്റ്റൺ വില്ലക്ക് എതിരെ കണ്ടതാണ്.

റൊണാൾഡോ സ്ഥിരമായി ബോക്സിൽ ഉണ്ടാകുന്നത് ബ്രൂണോയുടെ ബോക്സിലേക്കുള്ള ലേറ്റ് റണ്ണുകളും ഫാൾസ് 9 ആയുള്ള പ്രകടനങ്ങളും അപ്രത്യക്ഷമാക്കുന്നും ഉണ്ട്. സീസൺ തുടക്കം ഹാട്രിക്കോടെ തുടങ്ങിയ ബ്രൂണോ പിന്നെ ആകെ ഒരു ഗോൾ ആണ് നേടിയത്. ഒലെ തുടക്കം മുതൽ അറ്റാക്കിംഗ് ത്രീ കളിച്ച് കൊണ്ട് മൂന്ന് അറ്റാക്കിംഗ് താരങ്ങളുടെയും സ്ഥാമങ്ങൾ സ്വിച്ച് ചെയ്ത് കൊണ്ടേയിരിക്കുന്ന രീതിയാണ് എപ്പോഴും സ്വീകരിച്ചിരുന്നത്. ഇപ്പോൾ ആ ശൈലിയും അദ്ദേഹത്തിന് മാറ്റേണ്ടി വന്നു.

ഇതൊന്നും റൊണാൾഡോയുടെ പിഴവല്ല എന്നും അദ്ദേഹത്തെ പോലൊരു സൂപ്പർ താരത്തെ എങ്ങനെ മാനേജ് ചെയ്യണം എന്ന് അറിയാത്ത ഒലെയുടെ പിഴവാണ് എന്നതും വ്യക്തം. നേരത്തെ യുവന്റസിലും ക്രിസ്റ്റ്യാനോയുടെ സാന്നിദ്ധ്യം അവരെ ഒരു ടീമെന്ന നിലയിൽ ബാധിക്കുന്നുണ്ട് എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. പക്ഷെ അവിടെയും റൊണാൾഡോ തന്റെ വ്യക്തിഗത മികവ് തുടർന്നിരുന്നു.

എന്തായാലും റൊണാൾഡോയെ ഓർത്തോ മറ്റു സഹ താരങ്ങളെ ഓർത്തോ അല്ല ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശങ്ക. അത് തീർത്തും പരിശീലകനെ ഓർത്ത് മാത്രമാണ്. ഒലെ മാറി പുതിയ പരിശീലകൻ വന്നാൽ ഈ ടീമിന്റെ പ്രകടനങ്ങൾ മെച്ചപ്പെടും എന്ന് ഭൂരിഭാഗവും വിശ്വസിക്കുന്നു. എന്നാൽ മാനേജ്മെന്റിന്റെ ഒട്ടും വേദനിപ്പിക്കാത്ത ഒലെയെ പുറത്താക്കാൻ ഗ്ലേസേ്ഴ്സ് ആലോചിക്കുമോ എന്നത് പോലും സംശയമാണ്.