ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രണ്ടൻ റോജേഴ്സിനെ പുറത്താക്കി. സീസണിൽ ലഭിച്ച മോശം തുടക്കത്തിന് ശേഷം തിരിച്ചു വരവിന്റെ സൂചനകൾ കാണിച്ചെങ്കിലും തുടർന്നും മോശം പ്രകടനങ്ങൾ തുടർന്നത് ആണ് മുൻ ലിവർപൂൾ പരിശീലകന്റെ ജോലി തെറിക്കാൻ കാരണം. കഴിഞ്ഞ സീസണിൽ റോജേഴ്സിന്റെ കീഴിൽ മികച്ച പ്രകടനം നടത്തിയ ലെസ്റ്ററിന് തുടക്കത്തിൽ ട്രാൻസ്ഫർ മാർക്കറ്റിലെ മെല്ലെപ്പോക്ക് ഒക്കെ തിരിച്ചടി നൽകിയിരുന്നു. 2021 ൽ ചരിത്രത്തിൽ ആദ്യ എഫ്.എ കപ്പ് നേടിക്കൊടുത്ത റോജേഴ്സിനു പക്ഷെ ഈ സീസണിൽ ക്ലബിനെ മികച്ച രീതിയിൽ നയിക്കാൻ സാധിച്ചില്ല.
ഇന്നലെ ക്രിസ്റ്റൽ പാലസിനോട് അവസാന നിമിഷം പരാജയം വഴങ്ങിയതോടെ 18 സ്ഥാനത്തേക്ക് ലെസ്റ്റർ സിറ്റി വീണിരുന്നു. റോജേഴ്സിന്റെ അഭാവത്തിൽ ഫസ്റ്റ് ടീം പരിശീലകർ ആയ ആദം സാഡ്ലർ, മൈക്ക് സ്റ്റോവൽ എന്നിവർ വരാനിരിക്കുന്ന ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിൽ ടീമിനെ ഒരുക്കും. പുതിയ പരിശീലകനെ ലെസ്റ്റർ പിന്നീട് പ്രഖ്യാപിക്കാൻ ആണ് സാധ്യത. സീസണിൽ കളിച്ച 28 മത്സരങ്ങളിൽ 7 എണ്ണത്തിൽ മാത്രമാണ് റോജേഴ്സിനു ടീമിനെ ജയത്തിൽ എത്തിക്കാൻ ആയത് അതേസമയം 17 മത്സരങ്ങളിൽ ആണ് മുൻ പ്രീമിയർ ലീഗ് ജേതാക്കൾ ഈ സീസണിൽ പരാജയം വഴങ്ങിയത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ജോലി നഷ്ടമാവുന്ന 11 മത്തെ പരിശീലകൻ ആണ് റോജേഴ്‌സ്.