യുവതാരം റിക്കോ ലൂയിസ് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പിടും. താരവുമായുള്ള ചർച്ചകൾ മാസങ്ങൾക്ക് സിറ്റി ആരംഭിച്ചതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പുതിയ കരാർ ഒപ്പിടുന്ന കാര്യത്തിൽ ഇരു കൂട്ടരും ധാരണയിൽ എത്തിയിട്ടുണ്ട്. താരത്തിന്റെ നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. ഇതോടെ പെപ്പിന്റെ ടീമിൽ ലൂയിസിന് വരും സീസണുകളിൽ മുഖ്യ സ്ഥാനം തന്നെ ഉണ്ടാവും എന്നുറപ്പായിരിക്കുകയാണ്.
സിറ്റിയുടെ യൂത്ത് ടീമുകളിലൂടെ വളർന്ന താരം ഈ സീസണിലാണ് സീനിയർ ടീമിലേക്ക് എത്തുന്നത്. പ്രീ സീസണിൽ താരത്തെ ടീമിനോടൊപ്പം കൂട്ടിയ പെപ്പ്, ലീഗിലും അതിധം വൈകാതെ അരങ്ങേറാൻ അവസരം നൽകി. പെപ്പിന്റെ പുതിയ സിസ്റ്റത്തിൽ താരത്തിന് പെട്ടെന്ന് ഇണങ്ങി ചേരാൻ കഴിഞ്ഞതും നിർണായകമായി. പിറകെ റൈറ്റ് ബാക്ക് സ്ഥാനത്ത് ഉണ്ടായിരുന്ന ജാവോ കാൻസലോയുടെ ടീമിലുള്ള പ്രശ്നങ്ങൾ കൂടി ആയതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. എഫ്എ കപ്പ്, ചാംപ്യൻസ് ലീഗ് മത്സരങ്ങളിലും ലൂയിസിന് കളത്തിൽ ഇറങ്ങാൻ പെപ്പ് അവസരം നൽകി. ഇത്തവണ ഇതുവരെ പന്ത്രണ്ടോളം ലീഗ് മത്സരങ്ങൾ ആണ് താരം കളിച്ചത്.