കഴിഞ്ഞ ദിവസം റിച്ചാർലിസൺ തനിക്ക് നേരെ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി അന്റോണിയോ കോണ്ടെ. താരത്തിന്റെ അഭിമുഖം താൻ ശ്രദ്ധിച്ചിരുന്നു എന്നും, അതിൽ തന്നെ വിമർശിച്ചതായി കണ്ടില്ല എന്നും ടോട്ടനം കോച്ച് പറഞ്ഞു. ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അന്റോണിയോ കോന്റെ. “അദ്ദേഹം പറഞ്ഞത് ഈ സീസൺ വളരെ മോശം ആണെന്നാണ്. അത് ശരിയുമാണ്. കാരണം റിച്ചാർലിസൻ കൂടുതലും പരിക്കിന്റെ പിടിയിൽ ആയിരുന്നു. താരത്തിന്റെ ടീമിനോടൊപ്പമുള്ള തുടക്കം നന്നായിരുന്നു. എന്നാൽ പിന്നീട് പരിക്കിന്റെ പിടിയിൽ അമർന്നു. ശേഷം ലോകകപ്പിന് പോയ താരം അതിന് ശേഷം വീണ്ടും പരിക്കിലായി.” കോന്റെ പറഞ്ഞു. ലീഗിൽ ഗോൾ നേടാൻ കഴിയാത്ത താരത്തിന് ചാമ്പ്യൻസ് ലീഗിൽ രണ്ടു ഗോൾ മാത്രം നേടാനും കഴിഞ്ഞെന്ന് ചൂണ്ടിക്കാണിച്ച കോന്റെ, താരത്തിന്റെ പ്രതികരണം ആത്മാർഥമാണെന്ന് തോന്നുന്നതായി കൂട്ടിച്ചേർത്തു.

മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിറകെയാണ് കോന്റെക്കെതിരെ റിച്ചാർലിസൻ വിമർശനം ചൊരിഞ്ഞിരുന്നത്. ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുതാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്ന് പറഞ്ഞ താരം വെസ്‌റ്റ്ഹാം, ചെൽസി ടീമുകൾക്കെതിരെ താൻ മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു എന്നും ചൂണ്ടിക്കാണിച്ചു. ശേഷം ഈ സീസൺ ടീം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നും ബ്രസീൽ താരം പറഞ്ഞിരുന്നു. ഇതിനെ കുറിച്ചാണ് കോണ്ടെ ഇപ്പോൾ തന്റെ പ്രതികരണം അറിയിച്ചത്. റിച്ചാർലിസൻ തീർച്ചയായും കൂടുതൽ അവസരം അർഹിക്കുന്നുണ്ട് എന്നും കോന്റെ അവസാനമായി കൂട്ടിച്ചേർത്തു.














