മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർ അറ്റാക്കിംഗ് താരം മാർക്കസ് റാഷ്ഫോർഡിന് ഇന്നലെ പരിക്കേറ്റത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകുന്നു. ഇന്നലെ എവർട്ടണെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു റാഷ്ഫോർഡിന് പരിക്കേറ്റത്. ഗ്രോയിൻ ഇഞ്ച്വറി ആണ്. താരം ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും പുറത്തിരിക്കും എന്നാണ് പ്രാഥമിക സൂചനകൾ. ഇന്ന് കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം ക്ലബ് ഈ കാര്യത്തിൽ ഒരു വ്യക്തത നൽകും.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ 27 ഗോളുകൾ അടിച്ചിട്ടുള്ള റാഷ്ഫോർഡ് മികച്ച ഫോമിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളുകൾക്ക് ആയി ആശ്രയിക്കുന്ന റാഷ്ഫോർഡിന്റെ അഭാവം യുണൈറ്റഡിനെ പ്രതിസന്ധിയിൽ ആക്കിയേക്കും. ഗോളടിക്കാൻ കഷ്ടപ്പെടുന്ന വെഗോർസ്റ്റും ഫിറ്റ്നസിൽ ആശങ്കയുള്ള മാർഷ്യലും മാത്രമാണ് ഇനി സ്ട്രൈക്കർ റോളിൽ കളിക്കാൻ യുണൈറ്റഡിൽ ഉള്ള താരങ്ങൾ.
യൂറോപ്പ ലീഗ് ക്വാർട്ടറും പ്രീമിയർ ലീഗിലെ പ്രധാന മത്സരങ്ങളും മുന്നിൽ നിൽക്കെ റാഷ്ഫോർഡിന്റെ അഭാവം എങ്ങനെ യുണൈറ്റഡ് നികത്തും എന്നത് കണ്ടറിയണം. വിശ്രമം നൽകാത്ത ഫിക്സ്ചറുകളാണ് റാഷ്ഫോർഡിന്റെ പരിക്കിന് കാരണം എന്ന് ഇന്നലെ മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു.