പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി പരിശീലനം നടത്താനുള്ള നിയമങ്ങൾ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. നാളെ നടക്കുന്ന ചർച്ചയിൽ ഇവ ചർച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ഇതിലെ പ്രധാനപെട്ട കാര്യം താരങ്ങൾ പരിശീലനം നടത്തുമ്പോൾ മാസ്ക് ധരിക്കണമെന്നതാണ്. കൂടാതെ ട്രെയിനിങ് ആരംഭിക്കുന്നതിന്റെ 48 മണിക്കൂർ മുൻപ് താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും വൈറസിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
കൂടാതെ താരങ്ങൾ ഉപയോഗിക്കുന്ന ജി.പി.എസ് കിറ്റുകൾ. കോർണർ ഫ്ലാഗ്, കോണുകൾ, പോസ്റ്റുകൾ എന്നിവ പരിശീലനത്തിന് മുൻപും ശേഷവും അണു വിമുക്തമാക്കണമെന്നും നാളെ ചർച്ചക്ക് വെക്കുന്ന നിയമത്തിൽ പറയുന്നുണ്ട്. കൂടാതെ താരങ്ങളെ ഉഴിച്ചിൽ നടത്തുന്നത് വിലക്കുകയും ട്രെയിനിങ് കോംപ്ലെക്സിലെ ടോയ്ലറ്റ് ഒഴികെ ബാക്കി സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപെടുത്തിയിട്ടുണ്ട്.
അഞ്ച് താരങ്ങൾ മാത്രമായുള്ള ഗ്രൂപ്പായി പരിശീലനം നടത്തുകയും 75 മിനിറ്റ് മാത്രം പരിശീലനം നടത്തുകയും വേണം. കൂടാതെ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും ഗ്രൗണ്ടിൽ തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യുമ്പോൾ മൂന്ന് കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം വിട്ടുകൊണ്ട് വേണം പാർക്ക് ചെയ്യേണ്ടതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.