മാഞ്ചസ്റ്റർ യുണൈറ്റഡ് അങ്ങനെ അവസാനം പ്രീമിയർ ലീഗിൽ ഒരു ഹോം മത്സരം വിജയിച്ചു. ഇന്ന് വെസ്റ്റ് ബ്രോമിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫഫോർഡിൽ തോൽപ്പിച്ചത്. ഏറെ കഷ്ടപ്പെട്ടും വാറിന്റെ നിർണായക വിധിയുടെ ആനുകൂല്യം ലഭിച്ചതുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നൽകിയത്. ലീഗിൽ ഒരു വിജയം പോലും ഇതുവരെ നേടാത്ത വെസ്റ്റ് ബ്രോമിന് എതിരെ വരെ ഒലെയുടെ ടീം ഗോൾ കണ്ടെത്താൻ കഷ്ടപ്പെടുന്നതാണ് ഇന്ന് ആദ്യ പകുതിയിൽ കണ്ടത്. ആദ്യ പകുതിയിൽ അവസരം ലഭിച്ചു എങ്കിലും ഗോൾ ഒന്നും പിറന്നില്ല.
രണ്ടാം പകുതിയിൽ വെസ്റ്റ് ബ്രോമാണ് മികച്ച രീതിയിൽ തുടങ്ങിയത്. അവർക്ക് ഒരു പെനാൾട്ടിയും ലഭിച്ചു. ബ്രൂണൊ ഫെർണാണ്ടസിന്റെ ഫൗളിനായിരുന്നു റഫറി പെനാൾട്ടി വിധിച്ചത്. എന്നാൽ VAR പരിശോധനയ്ക്ക് ശേഷം ആ പെനാൾട്ടി റഫറി പിൻവലിച്ചു. പിന്നാലെ മറുവശത്ത് ഒരു ഹാൻഡ് ബോൾ വഴി മാഞ്ചസ്റ്റർ യുണൈറ്റഡ് പെനാൾട്ടി നേടി. ആ പെനാൾട്ടി എടുത്ത ബ്രൂണൊ ഫെർണാണ്ടസിന്റെ കിക്ക് ആദ്യം വെസ്റ്റ് ബ്രോം ഗോൾകീപ്പർ സാം ജോൺസ്റ്റൻ തടഞ്ഞു. എന്നാൽ ഗോൾകീപ്പർ ലൈനിൽ നിന്ന് മുന്നോട്ട് വന്നതിനാൽ ആ കിക്ക് വീണ്ടും എടുത്തു. അവാസാനം 56ആം മിനുട്ടിൽ ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു.
പിന്നീട് കളി നിയന്ത്രിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും സാം ജോൺസ്റ്റൻ വൻ മതിലായി വെസ്റ്റ് ബ്രോമിന്റെ രക്ഷയ്ക്ക് എത്തി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്തേക്ക് എത്തി.