“പോഗ്ബ യുണൈറ്റഡിന്റെ താരം, അടുത്ത സീസണിലും മാഞ്ചസ്റ്ററിൽ ഉണ്ടാകും” – ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ ക്ലബ് വിടില്ല എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ. പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്. ഇനിയും രണ്ട് വർഷത്തെ കരാർ പോഗ്ബയ്ക്ക് ബാക്കിയുണ്ട്. വേണമെങ്കിൽ യുണൈറ്റഡിന് മൂന്നാം വർഷത്തേക്ക് നീട്ടുകയും ചെയ്യാം. ഒലെ പറഞ്ഞു. പോഗ്ബ അടുത്ത സീസണിലും ഇവിടെ കാണും എന്നും ആരും പേടിക്കേണ്ടതില്ല എന്നും ഒലെ കൂട്ടിച്ചേർത്തു.

പോഗ്ബ ഇപ്പോൾ യുണൈറ്റഡിൽ തുടരണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുണൈറ്റഡിൽ പുതിയ കരാർ ചർച്ചകൾ പോഗ്ബ ആരംഭിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. പോഗ്ബയുടെ ഈ മനം മാറ്റത്തിന് കാരണം ബ്രൂണോ ഫെർണാണ്ടസിന്റെ സാന്നിദ്ധ്യം ആണ് എന്നാണ് അഭ്യൂഹങ്ങൾ. പോഗ്ബ പരിക്ക് മാറി അടുത്ത ആഴ്ചയോടെ കളത്തിൽ എത്തും എന്നും ഒലെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ യുണൈറ്റഡിന്റെ പ്രകടനങ്ങൾ ഗംഭീരമായിട്ടുണ്ട്. ബ്രൂണോയുടെ സാന്നിദ്ധ്യം തനിക്കും മിഡ്ഫീൽഡിൽ മികച്ച പ്രകടനം നടത്താൻ സഹായകരമാകും എന്നാണ് പോഗ്ബ കരുതുന്നത്. ബ്രൂണോയുമായി കൂട്ടുകെട്ട് ഉണ്ടാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ വിജയിക്കാൻ ആകും എന്നും പോഗ്ബ പ്രതീക്ഷിക്കുന്നു.

കാലിനേറ്റ പരിക്ക് കാരണം ശസ്ത്രക്രിയ നടത്തി വിശ്രമത്തിൽ ആയിരുന്നു പോഗ്ബ ഇപ്പോൾ കളത്തിലേക്ക് മടങ്ങി എത്തുന്നതിന് അരികെയാണ്. ഈ സീസണിൽ ആകെ എട്ടു മത്സരങ്ങൾ ആണ് പോഗ്ബ യുണൈറ്റഡിനു വേണ്ടി കളിച്ചത്. പോഗ്ബ പരിക്ക് മാറി എത്തിയാൽ ബ്രൂണോ-പോഗ്ബ കൂട്ടുകെട്ട് മധ്യനിരയിൽ കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് കഴിയും.