മരിക്കുന്നതിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ കൂടെ ഒരു കിരീടമെങ്കിലും നേടണമെന്ന് മുൻ ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോ. ടോട്ടൻഹാമിന്റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ ക്ലബ് പോച്ചെറ്റിനോയെ പുറത്താക്കിയിരുന്നു. പകരം മുൻ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറിഞ്ഞോയെ നിയമിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഭാവിയിൽ ഏതെങ്കിലുമൊരു സമയത്ത് ടോട്ടൻഹാമിൽ തിരിച്ചെത്തണമെന്നും അവർക്ക് വേണ്ടി ഒരു കപ്പ് നേടികൊടുക്കണമെന്നും പോച്ചെറ്റിനോ പറഞ്ഞു. അഞ്ച് വർഷം ടോട്ടൻഹാമിനെ പരിശീലിപ്പിച്ച പോച്ചെറ്റിനോ അവരെ യൂറോപ്പിലെ മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റിയിരുന്നു. എന്നാൽ അവർക്ക് ഒരു കിരീടം നേടി കൊടുക്കാൻ പോച്ചെറ്റിനോക്കായിരുന്നില്ല.
താൻ ടോട്ടൻഹാം വിട്ടതുമുതൽ അവിടെ തിരിച്ചെത്തുകയെന്നത് തന്റെ സ്വപ്നമാണെന്നും പൂർത്തിയാക്കാത്ത ഒരു ജോലി പൂർത്തിയാക്കാൻ ഉണ്ടെന്നും പോച്ചെറ്റിനോ പറഞ്ഞു. ടോട്ടൻഹാമിന് പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടികൊടുക്കുന്നതിന് വളരെ അടുത്ത് തന്റെ ടീം എത്തിയിരുന്നെന്നും ഈ ക്ലബും ആരാധകരും തനിക്ക് എന്നും പ്രിയപെട്ടവരാണെന്നും പോച്ചെറ്റിനോ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂ കാസിൽ സ്വന്തമാക്കിയ സൗദി ഉടമകൾ പോച്ചെറ്റിനോ പരിശീലകനായി നിയമിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.