VAR വീണ്ടും നിർണായകമായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഗൂഡിസൻ പാർക്കിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് പോയിന്റ് പങ്ക് വച്ചത്. കളിയുടെ ഇഞ്ചുറി ടൈമിൽ എവർട്ടൻ വിജയ ഗോൾ നേടി എന്ന് തോന്നിച്ചെങ്കിലും VAR ഓഫ് സൈഡ് വിധിച്ചത് വിവാദമായി. ഇതിനെതിരെ കളി അവസാനിച്ച ശേഷം പ്രതികരിച്ച എവർട്ടൻ മാനേജർ കാർലോ ആഞ്ചലോട്ടിക്ക് റഫറി ചുവപ്പ് കാർഡ് കാണിച്ചതും വൻ ചർച്ചയായി.
ആദ്യ പകുതിയിൽ ഇരു ടീമുകളുടെയും ഗോളികൾ നടത്തിയ വൻ പിഴവുകളാണ് കളിയിൽ നിർണായകമായത്. ആദ്യ പിഴവ് മാഞ്ചസ്റ്റർ ഗോൾ കീപ്പർ ഡേവിഡ് ഡിഹെയ ആണ് വരുത്തിയത്. മൂന്നാം മിനുട്ടിൽ സ്വന്തം ബോക്‌സിൽ നിന്ന് പന്ത് നീട്ടിയടിക്കാൻ ശ്രമിച്ച ഡി ഹെയയുടെ ഷോട്ട് പക്ഷെ എവർട്ടൻ സ്‌ട്രൈക്കർ കാൽവർട്ട് ലെവിൻ ബ്ലോക്ക് ചെയ്തത് നേരെ വലയിലാണ് പതിച്ചത്. സ്കോർ 1-0. പക്ഷെ 31 ആം മിനുട്ടിൽ ഏവർട്ടൻ ഗോളി പിക്ഫോഡിന്റെ സഹായത്തിൽ യുണൈറ്റഡ് സമനില പിടിച്ചു. ബ്രൂണോ ഫെർണാടസിന്റെ അത്രയൊന്നും അപകടകരം അല്ലാത്ത ലോങ് ഷോട്ട് തടയാൻ ഇംഗ്ലണ്ട് ഒന്നാം നമ്പർ ഗോളിക്ക് സാധിച്ചില്ല. സ്കോർ 1-1.
രണ്ടാം പകുതിയിൽ യൂണൈറ്റഡും ടീം പിന്നിലേക്ക് പോയപ്പോൾ എവർട്ടൻ ആക്രമണം ശക്തിപ്പെട്ടു. ഒരു തവണ ഗോൾ പോസ്റ്റ് യുണൈറ്റഡിനെ രക്ഷിച്ചപ്പോൾ പിന്നെ രക്ഷക്ക് എത്തിയത് ഡി ഹെയയുടെ മികച്ച സേവുകൾ ആണ്. പക്ഷെ കളിയുടെ ഇഞ്ചുറി ടൈമിൽ ലെവിൻ വീണ്ടും വല കുലുക്കി ആഘോഷിച്ചു എങ്കിലും VAR വീണ്ടും യുണൈറ്റഡിന്റെ രക്ഷക്ക് എത്തി. ഓഫ് സൈഡ് പൊസിഷനിൽ നിന്ന സിഗേഴ്‌സൻ പന്തിനായി ശ്രമിച്ചു എന്ന കാരണം പറഞ്ഞാണ് VAR യുണൈറ്റഡിന് അനുകൂലമായ തീരുമാനം എടുത്തത്.