ഈ സീസണിനു ശേഷം ക്ലബും ആയി കരാർ അവസാനിക്കുന്ന നായകനും ഗോൾ കീപ്പറും ആയ ഉഗോ ലോറിസിന് പകരക്കാരെ തേടി ടോട്ടൻഹാം ഹോട്‌സ്പർ. 2012 മുതൽ ടോട്ടൻഹാമിൽ കളിക്കുന്ന ലോകകപ്പ് ജേതാവ് ആയ ഫ്രഞ്ച് നായകൻ ഈ സീസണിനു ശേഷം ക്ലബ് വിട്ടേക്കും എന്നാണ് സൂചനകൾ. അതിനാൽ തന്നെ 34 കാരനായ ലോറിസിന് പകരക്കാരെ തേടാൻ ടോട്ടൻഹാം തുടങ്ങി എന്നാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ പുറത്ത് വിട്ട വാർത്ത. മുൻ ആഴ്‌സണൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അടക്കം നാലു താരങ്ങൾ ആണ് ടോട്ടൻഹാമിന്റെ പരിഗണനയിൽ. നിലവിൽ ആസ്റ്റൻ വില്ല താരമായ അർജന്റീനയുടെ മാർട്ടിനസിനു അവരുമായി ഇനിയും രണ്ടു കൊല്ലത്തെ കരാർ അവശേഷിക്കുന്നുണ്ട്.
റയൽ സോസിദാഡിന്റെ അലക്‌സ് റെമിറോ, നാപ്പോളിയുടെ അലക്‌സ് മെററ്റ്, വെസ്റ്റ് ബ്രോമിന്റെ സാം ജോൺസ്റ്റോൻ എന്നിവർ ആണ് ടോട്ടൻഹാമിന്റെ പരിഗണനയിലുള്ള മറ്റു ഗോൾ കീപ്പർമാർ. അതേസമയം വില്ലയിൽ നിന്നു മാർട്ടിനസിനെ ടോട്ടൻഹാം ടീമിൽ എത്തിച്ചാൽ അത് ആഴ്‌സണൽ, ടോട്ടൻഹാം ശത്രുതയിൽ പുതിയ അധ്യായം കൂടി രചിക്കും. 8 കൊല്ലത്തോളം ആഴ്‌സണലിൽ ചിലവഴിച്ച ശേഷമാണ് മാർട്ടിനസ് വില്ലയിൽ എത്തുന്നത്. അതിനു ശേഷം അവരുടെ പ്രധാന താരമായി ഉയർന്ന മാർട്ടിനസ് ഇടക്ക് ആഴ്‌സണലിനെതിരെ പല പ്രസ്താവനകൾ നടത്തിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. മാർട്ടിനസ് ടോട്ടൻഹാമിൽ എത്തിയാൽ ആഴ്‌സണലിനും ടോട്ടൻഹാമിലും കളിക്കുന്ന അപൂർവ്വം താരങ്ങളിൽ ഒരാൾ ആയി അർജന്റീനൻ താരം മാറും. വില്യം ഗാലസ് ആണ് അവസാനമായി 2 നോർത്ത് ലണ്ടൻ ശത്രുക്കൾക്ക് ആയും കളിച്ച താരം.