അതിവേഗം പ്രീമിയർ ലീഗിൽ 100 ഗോളുകൾ, മൊ സലാ മാജിക്ക് തുടരുന്നു

ഇന്ന് ലീഡ്സിന് എതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയതോടെ ലിവർപൂൾ താരം മൊ സലാ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നൂറു ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. 162 മത്സരങ്ങളിൽ നിന്നാണ് സലാ 100 പ്രീമിയർ ലീഗ് ഗോളുകളിൽ എത്തിയത്. സലായെക്കാൾ വേഗത്തിൽ വെറും നാലു താരങ്ങൾ മാത്രമെ പ്രീമിയർ ലീഗിൽ 100 ഗോളുകളിൽ എത്തിയിട്ടുള്ളൂ. തിയറി ഹെൻറി, അഗ്വേറോ, ഹാരി കെയ്ൻ, അലൻ ഷിയറർ എന്നിവരാണ് സലായെക്കാൾ വേഗത്തിൽ 100 പ്രീമിയർ ലീഗ് ഗോളുകൾ നേടിയ താരങ്ങൾ.

പ്രീമിയർ ലീഗിൽ നൂറു ഗോളുകൾ നേടുന്ന മുപ്പതാമത്തെ താരമാണ് സലാ. രണ്ടാമത്തെ ആഫ്രിക്കൻ താരവും. ദ്രോഗ്ബ മാത്രമാണ് ഇതിനു മുമ്പ് പ്രീമിയർ ലീഗിൽ നൂറ് ഗോളുകൾ നേടിയിട്ടുള്ള ആഫ്രിക്കൻ താരം.