ലെസ്റ്റർ സിറ്റിക്ക് എതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം സമനില പിടിച്ചു പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസ്. സ്വന്തം മൈതാനത്ത് കൂടുതൽ പന്ത് കൈവശം വച്ചതും അവസരങ്ങൾ തുറന്നതും പാലസ് ആയിരുന്നു. എന്നാൽ 31 മിനിറ്റിൽ ആദ്യ പതിനൊന്നിൽ ഇടം പിടിച്ച കിലെചി ഇഹനാച്ചോ ബ്രണ്ടൻ റോജേഴ്സിന്റെ ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് 6 മിനിറ്റിനുള്ളിൽ ഹാർവി ബാർൺസിന്റെ പാസിൽ നിന്നു സീസണിലെ ആറാം ഗോൾ കണ്ടത്തിയ ജെയ്മി വാർഡി ലെസ്റ്ററിന് രണ്ടാം ഗോൾ സമ്മാനിച്ചു. ആദ്യ പകുതിയിൽ 2-0 നു ലെസ്റ്റർ മുന്നിട്ട് നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പാലസ് തിരിച്ചു വരവ് ആണ് കണ്ടത്.
സമനില നേടാനുള്ള പാലസ് ശ്രമം 60 മിനിറ്റിൽ ആണ് ആദ്യം ഫലം കണ്ടത്. ജോർദൻ ആയുവിനു പകരക്കാരൻ ആയി ഇറങ്ങിയ മൈക്കിൾ ഓൽസിയാണ് വോളിയിലൂടെ പാലസിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് ഗാലഗറിന് പകരക്കാരൻ ആയി ഇറങ്ങി 28 സെക്കന്റിൽ തന്നെ ഒരു ഹെഡറിലൂടെ ജെഫ്രി ഷെൽപ്പ് പാലസിന് അർഹമായ സമനില ഗോൾ നേടി നൽകി. പകർക്കാരെ കൊണ്ട് വന്ന പാലസ് പരിശീലകൻ പാട്രിക് വിയേരയുടെ മികവ് ആണ് അവർക്ക് ഒരു പോയിന്റ് നേടി നൽകിയത്. ലീഗിൽ ലെസ്റ്റർ പതിമൂന്നാം സ്ഥാനത്തും പാലസ് പതിനാലാം സ്ഥാനത്തും ആണ്.