പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനു വീണ്ടും ജയമില്ല. പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടം ഇരു ടീമുകൾക്കും നിർണായകം തന്നെയായിരുന്നു. സെന്റ് ജെയിംസ് പാർക്കിൽ തന്റെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ പരിശീലകൻ എഡി ഹൊവിനു നിരാശജനകമായ തുടക്കമാണ് മത്സരത്തിൽ ലഭിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ടീമു പുക്കിക്ക് ഉറപ്പായ ഗോൾ അവസരം ഫൗളിലൂടെ നിഷേധിച്ച കിയാരൻ ക്ലാർക്കിന് ചുവപ്പ് കാർഡ്. സീസണിൽ ഇത് വരെ ജയം കാണാൻ ആവാത്ത ന്യൂകാസ്റ്റിൽ 10 പേരായി ചുരുങ്ങിയതോടെ കൂടുതൽ സമ്മർദ്ദത്തിലായി. എന്നാൽ രണ്ടാം പകുതിയിൽ ഫെഡറിക്കോ ഫെർണാണ്ടസിന്റെ ഹെഡർ ബില്ലി ഗിൽമോറിന്റെ കയ്യിൽ തട്ടിയതോടെ ന്യൂകാസ്റ്റിലിന് പെനാൽട്ടി ലഭിച്ചു.
നീണ്ട ‘വാർ’ പരിശോധനക്ക് ശേഷമാണ് പെനാൽട്ടി അനുവദിക്കപ്പെട്ടത്. പെനാൽട്ടി ലക്ഷ്യം കണ്ട കലം വിൽസൺ അവർക്ക് നിർണായക മുൻതൂക്കം സമ്മാനിച്ചു. എന്നാൽ ഒരാൾ കൂടുതൽ ഉള്ള മുൻതൂക്കം ഉപയോഗിച്ച് ആക്രമിച്ചു കളിച്ച ഡീൻ സ്മിത്തിന്റെ നോർവിച്ച് സിറ്റി അർഹിച്ച സമനില പിടിച്ചെടുക്കുക ആയിരുന്നു. ദിമിത്രിസിന്റെ കോർണറിൽ നിന്നു മനോഹരമായ ഒരു ഇടൻ കാലൻ വോളിയിലൂടെ ലക്ഷ്യം കണ്ട പുക്കി സമനില ഗോൾ കണ്ടത്തുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ ഗോൾ കീപ്പർ ആണ് ന്യൂകാസ്റ്റിലിനെ പരാജയത്തിൽ നിന്നു രക്ഷിച്ചത്. സമനിലയോടെ 14 കളികളിൽ നിന്നു ഏഴു പോയിന്റുകളും ആയി ന്യൂകാസ്റ്റിൽ അവസാന സ്ഥാനത്തും അത്ര തന്നെ കളികളിൽ നിന്നു 10 പോയിന്റുകൾ നേടിയ നോർവിച്ച് സിറ്റി പതിനെട്ടാം സ്ഥാനത്തും ആണ്.