പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം, ബ്രൈറ്റൻ മത്സരം സമനിലയിൽ. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം ആണ് നേടിയത്. പന്ത് കൈവശം വക്കുന്നതിൽ ബ്രൈറ്റൻ ആധിപത്യം ആണ് കണ്ടത് എങ്കിൽ കൂടുതൽ അവസരങ്ങൾ ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാം ആണ് സൃഷ്ടിച്ചത്. അഞ്ചാം മിനിറ്റിൽ തന്നെ പാബ്ലോ ഫോർനാൽസിന്റെ മികച്ച ഒരു കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ തോമസ് സൗചകിലൂടെ വെസ്റ്റ് ഹാം ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്.
തുടർന്ന് മത്സരത്തിൽ നിരവധി അവസരം ആണ് ബ്രൈറ്റൻ സൃഷ്ടിച്ചത്. പലപ്പോഴും മുന്നേറ്റനിര നീൽ മൗപെ തീർത്തും നിരാശപ്പെടുത്തി. എന്നാൽ 89 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ തരീഖ് ലാപ്റ്റിയുടെ ക്രോസിൽ നിന്നു സീസണിലെ ഗോളുകളിൽ ഒന്നു എന്നു പറയാവുന്ന മനോഹരമായ ഒരു ഓവർ ഹെഡ് ഗോളിലൂടെ മൗപെ അവസരങ്ങൾ പാഴാക്കിയതിനു പരിഹാരം ചെയ്തു. തുടർന്ന് ഗോൾ നേടാൻ വെസ്റ്റ് ഹാം പരിശ്രമിച്ചു എങ്കിലും ബ്രൈറ്റൻ പ്രതിരോധവും ഗോൾ കീപ്പർ സാഞ്ചസും പിടിച്ചു നിന്നു. നിലവിൽ ലീഗിൽ വെസ്റ്റ് ഹാം നാലാമതും ബ്രൈറ്റൻ എട്ടാമതും ആണ്. അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ ലീഗിൽ ആറാമതുള്ള വോൾവ്സിനെ ബേർൺലി ഗോൾ രഹിത സമനിലയിൽ തളച്ചു.