അന്റോണിയോ കോന്റെക്ക് ഇന്ന് ടോട്ടൻഹാം പരിശീലകനായ ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരം. റാഫ ബെനിറ്റിസിന്റെ എവർട്ടൺ ആണ് കോന്റെയുടെ ആദ്യ മത്സരത്തിലെ എതിരാളി. യുഫേഫ കോൺഫറൻസ് ലീഗിൽ തന്റെ ആദ്യ മത്സരം ജയിച്ചു വരുന്ന കോന്റെ ഗുഡിസൺ പാർക്കിൽ തന്റെ ആദ്യ മത്സരത്തിലും ജയം ആയിരിക്കും ലക്ഷ്യം വക്കുക. ഗോൾ മേടിച്ചു കൂട്ടുന്ന പ്രതിരോധം ആണ് കോന്റെയുടെ പ്രധാന പ്രശ്നം. കോന്റെ ലോറിസിന് മുന്നിൽ ക്രിസ്റ്റിയൻ റൊമേറോ, സാഞ്ചസ്, എറിക് ഡയർ എന്നീ മൂന്നു പേരെയും പ്രതിരോധത്തിൽ നിർത്താൻ ആണ് സാധ്യത. എങ്കിലും ഇത് നിലവിൽ ഗോൾ മേടിച്ചു കൂട്ടുന്ന ടോട്ടൻഹാം പ്രതിരോധത്തെ എത്രത്തോളം മികവിലേക്ക് ഉയർത്തും എന്നു കണ്ടറിയാം. മധ്യനിരയിൽ ഹൊലബിയർ നന്നായി കളിക്കേണ്ടതും ടോട്ടൻഹാമിനു പ്രധാനമാണ്. അതേസമയം മുന്നേറ്റത്തിൽ ഹാരി കെയിൻ പൂർണ മികവിലേക്ക് ഉയരും എന്നു തന്നെയാണ് മുൻ ചെൽസി പരിശീലകന്റെ പ്രതീക്ഷ. അതേസമയം ഫോമിലുള്ള സോൺ, ലൂക്കാസ് മൗറ എന്നിവർ കോന്റെക്ക് ആശ്വാസമാണ്.
ടോട്ടൻഹാമിനു എതിരായ സമീപകാലത്തെ മോശം റെക്കോർഡ് സ്വന്തം കാണികൾക്ക് മുന്നിൽ തിരുത്തി കോന്റെയെ ആദ്യ മത്സരത്തിൽ വീഴ്ത്താൻ ആവും റാഫ ബെനിറ്റസിന്റെ ശ്രമം. തുടർച്ചയായ മൂന്നു പരാജയങ്ങളുമായി വരുന്ന എവർട്ടണിന്റെ പ്രധാന പ്രശ്നം സ്ഥിരത ഇല്ലായ്മ ആണ്. ഒപ്പം ഡികൊറെ, കാൾവൽട്ട് ലൂയിൻ, യൂരി മിന, ലൂക്കാസ് ഡീൻ എന്നീ പ്രധാന താരങ്ങളുടെ പരിക്കും അവർക്കും വലിയ തിരിച്ചടി ആണ്. എങ്കിലും പുതിയ പരിശീലകന് കീഴിൽ വരുന്ന ടോട്ടൻഹാമിനെ ഞെട്ടിക്കാൻ ആവും എവർട്ടണിന്റെ ശ്രമം. മുന്നേറ്റത്തിൽ റിച്ചാർലിസനും, ഗ്രെ, തൗസന്റ് എന്നിവരെ ആവും ടോട്ടൻഹാം കരുതിയിരിക്കേണ്ടി വരിക. കീനും ഹോൾഗേറ്റും അടങ്ങുന്ന പ്രതിരോധത്തെ മധ്യനിരയിൽ അലൻ സഹായിക്കേണ്ടതും എവർട്ടണിന്റെ മുന്നേറ്റത്തിൽ പ്രധാനമാണ്. പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിൽ അന്റോണിയോ കോന്റെ ടോട്ടൻഹാമിനു ഒപ്പം ജയം കാണുമോ അല്ല റാഫയുടെ എവർട്ടൺ വിജയവഴിയിൽ തിരിച്ചു എത്തുമോ എന്നു കാത്തിരുന്നു തന്നെ കാണാം. ഇന്ന് രാത്രി 7.30 നു ഗുഡിസൺ പാർക്കിലാണ് ഈ മത്സരം നടക്കുക.