സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വംശീയ അധിക്ഷേപങ്ങളിൽ പ്രതിഷേധിച്ചു സാമൂഹിക മാധ്യമങ്ങൾ ബഹിഷ്കരിക്കാൻ ഇംഗ്ലീഷ് ക്ലബുകളും താരങ്ങളും തീരുമാനിച്ചു. പ്രതിഷേധ സൂചകമായി മൂന്ന് ദിവസത്തേക്ക് ആകും ക്ലബുകളും താരങ്ങളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. പ്രീമിയർ ലീഗ് ക്ലബുകളും ഇംഗ്ലീഷ് ഫുട്ബോൾ ലീഗിലെ ക്ലബുകളും വനിതാ ക്ലബുകളും ഈ തീരുമാനത്തിൽ ഉണ്ട്.
കളിക്കാരുടെ അസോസിയേഷനും മാനേജർമാരുടെ അസോസിയേഷനും ഈ തീരുമാനവുമായി സഹകരിക്കും. ഏപ്രിൽ 30 മുതൽ മെയ് മൂന്ന് വരെ ആകും ബഹിഷ്കരണം. സാമൂഹിക മാധ്യമങ്ങളിൽ വംശീയ അധിക്ഷേപങ്ങളും മറ്റു വ്യക്തിപരമായ അധിക്ഷേപങ്ങളും കളിക്കാർ ഏറെ നേരിടേണ്ടി വരുന്നുണ്ട്. അടുത്തിടെ ഫ്രഞ്ച് ഇതിഹാസം ഹെൻറി അധിക്ഷേപങ്ങൾ കാരണം സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിച്ച് പോയിരുന്നു.