പ്രീമിയർ ലീഗ് റഫറി ജോനാഥൻ മോസിനെതിരെ പരാതിയുമായി പ്രീമിയർ ലീഗ് ക്ലബ് ബോർൺമൗത്ത്. ഷെഫീൽഡ് യുണൈറ്റഡുമായുള്ള കഴിഞ്ഞ മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങളും വാക്കുകളും ആണ് ബോർൺമൗത്ത് താരങ്ങളെ ചൊടിപ്പിച്ചത്. ഈ മത്സരത്തിൽ 2-1 നു തോറ്റ ബോർൺമൗത്ത് നിലവിൽ ലീഗിൽ തരം താഴ്‌ത്തൽ ഭീഷണി നേരിടുന്ന ക്ലബുകളിൽ ഒന്നാണ്. നിലവിൽ 19 സ്ഥാനത്ത് ആണ് ടീം. മത്സരത്തിനു ഇടയിൽ മോസിന്റെ പ്രവർത്തികൾക്കും വാക്കുകൾക്കും എതിരെ രൂക്ഷ വിമർശനം ആണ് ബോർൺമൗത്ത് താരം ഡാൻ ഗോസിലിങ് നടത്തിയത്. തങ്ങൾക്ക് മത്സരത്തിൽ ഒരു ബഹുമാനവും മോസ് മത്സരത്തിൽ നൽകിയില്ല എന്നു തുറന്ന് അടിച്ചു ഗോസിലിങ്.
പലപ്പോഴും തങ്ങൾക്ക് എതിരെ മോസ് തീരുമാനങ്ങൾ എടുത്തു എന്ന് ആരോപിച്ച ഗോസിലിങ് മത്സരത്തിൽ മോസ് തങ്ങളെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചു എന്നും ആരോപിച്ചു. ബഹുമാനക്കുറവോടെ നിങ്ങൾ തരം താഴ്‌ത്തൽ നേരിടുന്ന ക്ലബ് ആണെന്ന് നിരന്തരം മോസ് പറഞ്ഞതായി ആരോപിച്ച ഗോസിലിങ്, മോസ് പ്രീമിയർ ലീഗിന് നാണക്കേട് ആണെന്നും തുറന്നടിച്ചു. മത്സരശേഷം മോസ് മാപ്പ് പറയണമായിരുന്നു എന്നും ഗോസിലിങ് കൂട്ടിച്ചേർത്തു. എന്നാൽ ബോർൺമൗത്ത് മോസിനെതിരെ നൽകിയ പരാതിയിൽ ഇത് വരെ പ്രതികരിക്കാൻ പ്രീമിയർ ലീഗ് അധികൃതരോ, ഫുട്‌ബോൾ അസോസിയേഷനോ തയ്യാറായിട്ടില്ല. പ്രീമിയർ ലീഗിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള മോസ് പലപ്പോഴും ആരാധകരുടെ രോക്ഷത്തിനു ഇരയായിട്ടുള്ള റഫറി കൂടിയാണ്. മോസിനെതിരെ പ്രീമിയർ ലീഗ് എന്തെങ്കിലും നടപടി എടുക്കുമോ എന്ന് കണ്ടറിയണം.