ബ്രന്റ്ഫോർഡിനു എതിരായ പ്രീമിയർ ലീഗ് മത്സരത്തിലെ ആശയക്കുഴപ്പത്തിനു വിശദീകരണവും ആയി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ആഴ്‌സണൽ 2-1 നു ജയിച്ച മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ആണ് ആശയക്കുഴപ്പം ഉണ്ടായത്. 84 മത്തെ മിനിറ്റിൽ ആഴ്‌സണൽ ക്യാപ്റ്റൻ അലക്‌സാണ്ടർ ലാകസെറ്റയെ പിൻവലിച്ചു എഡി എങ്കിതയെ കൊണ്ടു വന്നു. മാറ്റത്തിന് ഇടയിൽ തന്റെ ക്യാപ്റ്റൻ ആം ബാൻഡ് ലാകസെറ്റയെ എഡിക്ക് കൈമാറി. തനിക്ക് കിട്ടിയ ആം ബാൻഡ് സീനിയർ താരമായ ഗ്രാനിറ്റ് ശാക്കക്ക് കൈമാറാനുള്ള എഡി ശ്രമങ്ങൾ ആണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.
യുവ താരത്തെ ആദ്യം അവഗണിച്ച സ്വിസ് താരം ക്യാപ്റ്റന്റെ ആം ബാൻഡ് സ്വീകരിക്കാൻ വിസമ്മതിച്ചു. തുടർന്ന് ആം ബാൻഡ് ഇടത് ബാക്ക് കിയരൺ ടിയേർണിക്ക് എഡി കൈമാറുക ആയിരുന്നു. ഇതിനു വിശദീകരണം ആയാണ് മൈക്കിൾ ആർട്ടെറ്റ രംഗത്ത് വന്നത്. ലാകസെറ്റക്ക് ശേഷം ടിയേർണി ആയിരുന്നു ക്യാപ്റ്റൻ ആവേണ്ടത് എന്നതിനാൽ ആണ് ശാക്ക ക്യാപ്റ്റൻ സ്ഥാനം നിരസിച്ചത് എന്നു ആർട്ടെറ്റ വിശദീകരിച്ചു. നേരത്തെ ആഴ്‌സണൽ ക്യാപ്റ്റൻ ആയിരുന്ന ശാക്ക ആരാധകരും ആയുള്ള പ്രശ്നങ്ങൾ കാരണം ജേഴ്സി ഊരി എറിഞ്ഞു പരസ്യ പ്രതികരണം കളത്തിൽ നടത്തുകയും തുടർന്ന് ആഴ്‌സണൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.