പ്രീമിയർ ലീഗിലെ മോശം തുടക്കത്തിന് ശേഷം കഴിഞ്ഞ മത്സരത്തിൽ നോർവിച്ചിനു എതിരെ ആദ്യ ജയം കണ്ടത്തിയ ആഴ്‌സണൽ ജയം തുടരാൻ ഇന്ന് ബേർൺലിയെ നേരിടും. നിലവിൽ നാലു മത്സരങ്ങളിൽ നിന്നു ഒരേയൊരു സമനില മാത്രം നേടാൻ ആയ ബേർൺലിക്ക് എതിരെ മികച്ച ജയം നേടാൻ ആവും ടർഫ് മൂറിൽ ആഴ്‌സണൽ ശ്രമം. ആഴ്‌സണലിന് എതിരെ തുടർച്ചയായ 10 മത്സരങ്ങൾ തോറ്റ ശേഷം കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഗണ്ണേർസിന് എതിരെ തോൽവി അറിയാതെയാണ് ഷോൺ ഡയിചയുടെ ടീം ആഴ്‌സണലിനെ നേരിടാൻ ഇറങ്ങുന്നത്. ബേർൺലിയുടെ മൈതാനത്ത് 1973 നു ശേഷം തോൽവി വഴങ്ങിയിട്ടില്ല എന്നത് ആഴ്‌സണലിന് മുൻതൂക്കം നൽകുന്നുണ്ട്.
ബെൻ വൈറ്റ്, ഗബ്രിയേൽ, ടിയേർണി, തോമിയാസു ഇങ്ങനെ പ്രതിരോധത്തിൽ ശക്തമായ നിരയെ ഇറക്കാൻ ആഴ്‌സണലിന് ആവും എന്നത് ആർട്ടെറ്റക്ക് വലിയ ആത്മവിശ്വാസം നൽകും. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ തോമിയാസു മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്. ഒപ്പം മധ്യനിരയിൽ തോമസ് പാർട്ടിയുടെ മടങ്ങി വരവ് ആഴ്‌സണലിന് വലിയ കരുത്ത് ആവും. ഒബമയാങ് ഗോൾ അടിച്ചു തുടങ്ങിയത് ആഴ്‌സണലിന് വലിയ ആശ്വാസം തന്നെയാണ്. ഒബമയാങിനു പിറകിൽ സാക, ഒഡഗാർഡ്, സ്മിത്ത് റോ, പെപെ എന്നിവരിൽ ആരെയൊക്കെ ആവും ആർട്ടെറ്റ കളത്തിൽ ഇറക്കുക എന്നത് മത്സര ഫലത്തിൽ നിർണായകമാകും. അദ്ധ്വാനിച്ച് പ്രതിരോധം തീർക്കുന്ന ബേർൺലിയുടെ ക്രിസ് വുഡ്, റോഡ്രിഗസ്, മക്നീൽ എന്നിവർ അടങ്ങിയ മുന്നേറ്റം ആഴ്‌സണലിന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോകുന്നവർ തന്നെയാണ്. മത്സരത്തിൽ വലിയ ജയം നേടി ആരാധക പിന്തുണ വീണ്ടെടുക്കുക എന്നത് ആർട്ടെറ്റക്ക് വളരെ പ്രധാനമുള്ള കാര്യം കൂടിയാണ്.