ക്രിസ്റ്റൽ പാലസിന്റെ മുന്നിൽ തകർന്നടിഞ്ഞു വാട്ഫോർഡ്, റോയ് ഹഡ്സന്റെ ടീമിന് വലിയ തിരിച്ചടി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന റോയ് ഹഡ്സന്റെ വാട്ഫോർഡിനു വലിയ തിരിച്ചടി. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അവർ പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടത്. ലീഗിൽ നിലവിൽ 19 സ്ഥാനത്ത് തന്നെ വാട്ഫോർഡ് തുടരുമ്പോൾ പാലസ് 11 സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിൽ 15 മത്തെ മിനിറ്റിൽ മറ്റെറ്റ പാലസിനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റുകൾക്കു ശേഷം കിക്കോ ഫെമിനയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ മൂസ സിസോക്ക വാട്ഫോർഡിനു സമനില ഗോൾ സമ്മാനിച്ചു.

ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പ് ടൈയിരിക് മിച്ചലിന്റെ ക്രോസിൽ നിന്നു ഗോൾ കണ്ടത്തിയ കോണർ ഗാല്ലഗർ പാലസിനെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിലെത്തിച്ചു. പിന്നീട് സമനിലക്ക് ആയി വാട്ഫോർഡ് ശ്രമിച്ചു എങ്കിലും അവസാന നിമിഷങ്ങളിൽ ഇരട്ട ഗോളുകൾ നേടിയ വിൽഫ്രെയിഡ് സാഹ പാലസിന് വലിയ ജയം സമ്മാനിക്കുക ആയിരുന്നു. 85 മത്തെ മിനിറ്റിൽ ആയുവിന്റെ പാസിൽ നിന്നു ഗോൾ നേടിയ സാഹ ഒരു പ്രത്യാക്രമണത്തിൽ 90 മത്തെ മിനിറ്റിൽ ജെയിംസ് മകർത്തറിന്റെ പാസിൽ നിന്നു പാലസ് ജയം പൂർത്തിയാക്കുക ആയിരുന്നു.