ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റോയി ഹഡ്സന്റെ കീഴിൽ രണ്ടാം ജയം കുറിച്ച് തരം താഴ്ത്തൽ ഭീഷണിയിൽ നിന്നു ഉയർന്നു ക്രിസ്റ്റൽ പാലസ്. ലീഡ്സ് യുണൈറ്റഡിനെ അവരുടെ മൈതാനത്ത് ഒന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് ആണ് പാലസ് തകർത്തത്. ലീഡ്സ് മികച്ച രീതിയിൽ തുടങ്ങിയ മത്സരത്തിൽ ആദ്യ നിമിഷങ്ങളിൽ പാലസ് ഗോൾ വഴങ്ങാത്തത് ഭാഗ്യം കൊണ്ടായിരുന്നു. 21 മത്തെ മിനിറ്റിൽ ബ്രണ്ടൻ ആരോൺസന്റെ കോർണറിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ പാട്രിക് ബാഫോർഡ് ലീഡ്സിന് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു. എന്നാൽ ആദ്യ പകുതി തീരുന്നതിനു തൊട്ടു മുമ്പ് പ്രതിരോധതാരം മാർക് ഗുഹയ് ഒരു ഫ്രീക്കിക്കിൽ ലഭിച്ച അവസരത്തിൽ നിന്നു പാലസിന് സമനില ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ലീഡ്സിനെ തകർത്ത് എറിയുന്ന പാലസിനെ ആണ് കാണാൻ ആയത്. 53 മത്തെ മിനിറ്റിൽ മൈക്കിൾ ഒലിസെയുടെ അതുഗ്രൻ ക്രോസിൽ നിന്നു കഴിഞ്ഞ മത്സരത്തിൽ സാഹക്ക് പകരക്കാരനായി ഇന്ന് ആദ്യ 11 ൽ എത്തിയ ജോർദൻ ആയു മികച്ച ഹെഡറിലൂടെ പാലസിനെ മുന്നിൽ എത്തിച്ചു. 2 മിനിറ്റിനുള്ളിൽ ഉഗ്രൻ ടീം നീക്കത്തിന് ഒടുവിൽ ഒലിസെയുടെ ത്രൂ ബോളിൽ നിന്നു എസെ പാലസിന് മൂന്നാം ഗോളും സമ്മാനിച്ചു. തുടർന്ന് 69 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു ഒരിക്കൽ കൂടി ഒലിസെയുടെ പാസിൽ നിന്നു എഡാർഡ് പാൽസിന് നാലാം ഗോൾ നൽകി. 77 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വിൽ ഹ്യൂസിന്റെ പാസിൽ നിന്നു ആയു ലീഡ്സിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. ജയത്തോടെ പാലസ് 12 സ്ഥാനത്ത് നിൽക്കുമ്പോൾ ലീഡ്സ് 16 മത് ആണ്. കനത്ത തോൽവി ലീഡ്സിന് മേൽ കൂടുതൽ സമ്മർദ്ദം നൽകും എന്നുറപ്പാണ്.